മയക്കുമരുന്ന് മാഫിയാ ബന്ധം: പൊലീസുകാരന് സസ്‌പെന്‍ഷന്‍കോഴിക്കോട് : മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റജിലേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

താമരശ്ശേരി അമ്പലമുക്ക് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റജിലേഷ് നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. അമ്പലമുക്ക് സംഘത്തിന്റെ തലവനായി പ്രവര്‍ത്തിച്ചിരുന്ന അയൂബിനൊപ്പവും, മാസങ്ങള്‍ക്ക് മുമ്പ് എംഡിഎംഎയുമായി പിടിയിലായ താമരശ്ശേരി സ്വദേശി അതുല്‍ എന്നയാള്‍ക്കൊപ്പവും നില്‍ക്കുന്നത് അടക്കമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. 

ഇതേത്തുടര്‍ന്ന് റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റജിലേഷിനെതിരെ നടപടിയെടുത്തത്. റജിലേഷ് നേരത്തെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കോടഞ്ചേരിയിലേക്ക് മാറിയത്.
Previous Post Next Post