മുന്തിയ ഇനം മലേഷ്യന്‍ തെങ്ങിന്‍ തൈ വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ വ്യാജ കർഷകൻ പത്തനംതിട്ടയിൽ പിടിയില്‍



പത്തനംതിട്ട: നടീൽ വസ്തുക്കൾ നൽകാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ വ്യാജ കർഷകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മണ്ണുത്തി കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്‍റെ വ്യാജ തിരിച്ചറിയൽ കാര്‍ഡ് നിര്‍മ്മിച്ച്‌ കേരളത്തിലുടനീളം തട്ടിപ്പ് നടത്തുകയായിരുന്ന തിരുവല്ല മല്ലപ്പള്ളി ആനിക്കാട് പുന്നവേലി പടിഞ്ഞാറെ മുറി വെളിയംകുന്ന് വീട്ടില്‍ വിപി ജെയിംസ് (46) ആണ് അറസ്റ്റിലായത്. മുന്തിയ ഇനം മലേഷ്യന്‍ തെങ്ങിന്‍ തൈ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്‍റെ വിവിധ കോണുകളില്‍ നിന്നായി 1.20 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

മലേഷ്യന്‍ തെങ്ങിന്‍ തൈ ഉള്‍പ്പെടെയുള്ള വിവിധ കാര്‍ഷിക വിളകളുടെ വിത്തുകള്‍ വാഗ്ദാനം ചെയ്ത് 6.73 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി വേങ്ങല്‍ വേളൂര്‍ മുണ്ടകം സ്വദേശി തമ്പി നല്‍കിയ പരാതിയില്‍ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിന് ഒടുവില്‍ കോട്ടയത്തെ ആഡംബര ഹോട്ടലില്‍ നിന്ന് ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തത്.സമാനമായ തരത്തില്‍ 60 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി പെരുമ്പെട്ടി സ്വദേശി എബ്രഹാം കെ തോമസും ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്‍റെ ഔദ്യോഗിക പ്രതിനിധിയെന്ന് തെറ്റിദ്ധരിപ്പിക്കും വിധം സ്ഥാപനത്തിന്‍റെ വ്യാജ ഐഡി കാര്‍ഡും കാര്‍ഷിക വിത്തുകളുടെ ഫോട്ടോയും വില വിവരവും അടങ്ങുന്ന ഫയലുമായി എത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് തട്ടിപ്പുകള്‍ ഏറെയും നടത്തിയിരിക്കുന്നത്.തട്ടിയെടുത്ത് കിട്ടുന്ന പണം ആഡംബര ഹോട്ടലുകളില്‍ താമസത്തിനും ബാക്കി പണം ലോട്ടറി എടുക്കുവാനും ചെലവഴിച്ചതായി പ്രതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഡിവൈഎസ്പി എസ് അഷാദിന്‍റെ നിര്‍ദ്ദേശ പ്രകാരം എസ്‌എച്ച്‌ഒ ബികെ സുനില്‍ കൃഷ്ണന്‍, എസ്‌ഐമാരായ അനീഷ് എബ്രഹാം, നിത്യ സത്യന്‍, സീനിയര്‍ സിപിഒ മാരായ അഖിലേഷ് , ഉദയ ശങ്കര്‍, മനോജ്, സിപിഒ അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Previous Post Next Post