യു.കെ.: ഹോം സെക്രട്ടറി സുവല്ല ബ്രെവര്‍മാന് ശേഷം റിഷി സുനകിന്റെ ക്യാബിനറ്റില്‍ ഇന്ത്യന്‍ വംശജയായ മറ്റൊരു സെക്രട്ടറി കൂടി. അടുത്ത അനുയായി ക്ലെയര്‍ കോട്ടിനോക്ക് മന്ത്രിസഭ പുനസംഘടനയില്‍ എനര്‍ജി സെക്രട്ടറിയും, നെറ്റ് സീറോ സെക്രട്ടറിയുമായാണ് നിയമിച്ചിരിക്കുന്നത്. ഇതോടെ ഗോവയില്‍ വേരുകളുള്ള രണ്ടാമത്തെ മന്ത്രിയായിരിക്കുകയാണ് ക്ലെയര്‍ കോട്ടിനോ. റഷ്യന്‍- യുക്രെയിന്‍ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത വെല്ലുവിളികളാണ് ഈ 38 കാരിയെ കാത്തിരിക്കുന്നത്.
ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചതിനാല്‍ പ്രതിസന്ധിയിലായ കുടുംബങ്ങളിലെ ഊര്‍ജ്ജ ബില്‍ വര്‍ദ്ധിക്കാതെ നോക്കാനും ഇവര്‍ ബാദ്ധ്യസ്ഥയായിരിക്കുകയാണ്. ബെന്‍ വാലസ് രാജിവെച്ച് ഒഴിവിലേക്ക് ഗ്രാന്‍സ് ഷാപ്സ് പ്രതിരോധ സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ടതോടെയായിരുന്നു ഊര്‍ജ്ജ സെക്രട്ടറിയുടെ ഒഴിവുണ്ടായത്. ക്യാബിനറ്റില്‍ ഇതാദ്യമായാണ് കോട്ടിനോ അംഗമാകുന്നത്.
ഊര്‍ജ്ജ- നെറ്റ് സീറോ സെക്രട്ടറിയായി തന്നെ നിയമിച്ചതില്‍ സന്തോഷമുണ്ടെന്നും, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും നിരക്കുകള്‍ കുറയ്ക്കുന്നതിനും ശ്രമിക്കുമെന്നും ക്ലെയര്‍ കോട്ടിനോ ട്വീറ്റ് ചെയ്തു. സുനകിനെ പോലെ തന്നെ യു കെയില്‍ ജനിച്ച കോട്ടിനോ രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് രംഗത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
ബ്രക്സിറ്റ് അനുകൂലിയായ ക്ലെയര്‍ ഓക്സ്ഫോര്‍ഡ് യൂണിന്വേഴ്സിറ്റിയില്‍ നിന്നും മാത്ത്സിലും ഫിലോസഫിയിലും മാസ്റ്റേഴ്സ് ഡിഗ്രി നേടിയിട്ടുണ്ട്. 2019-ല്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സറേ മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ക്ലെയര്‍ .