ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശികളെ വീസ റദ്ദാക്കി തിരിച്ചയ്ക്കാന്‍ ബ്രിട്ടന്‍; മലയാളികള്‍ ജാഗ്രതൈ!



 ലണ്ടന്‍: ഇസ്രയേല്‍- ഹമാസ് ഏറ്റുമുട്ടലിനിടെ ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശികളെ വീസ റദ്ദാക്കി തിരിച്ചയ്ക്കാന്‍ ബ്രിട്ടന്‍. പരസ്യമായി ഇസ്രയേലിനൊപ്പം നില്‍ക്കുന്ന ബ്രിട്ടന്‍, പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. വിദേശ പൗരന്മാരോ വിദേശ വിദ്യാര്‍ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാല്‍ അവരുടെ വീസ റദ്ദാക്കി നാടുകടത്താനാണ് ഹോം ഓഫിസിന്റെ നീക്കം. അതുകൊണ്ടു മലയാളികള്‍ സോഷ്യല്‍ മീഡിയയിലടക്കം പോസ്റ്റിടുന്നത് ശ്രദ്ധിക്കണം. യുകെയില്‍ പലസ്തീന്‍ അനുകൂല നീക്കം ശക്തിപ്പെടുന്നതും ഇസ്രായേല്‍ വിരുദ്ധത പല കോണുകളില്‍ നിന്നും ആളിക്കത്തിക്കുന്നതും പരിഗണിച്ചാണ് നീക്കം.ആന്റി സെമറ്റിക് നിലപാട് സ്വീകരിക്കുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമെതിരെ വിസ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത ആരായാന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ ഹമാസിന്റെ ഇസ്രയേലി ആക്രമണത്തെ പിന്തുച്ച് രംഗത്തുവന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.



ഫ്രാന്‍സില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശ പൗരന്മാരെ മൂന്നു ദിവസത്തിനുള്ളില്‍ പുറത്താക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി ജെറാള്‍ഡ് ഡാര്‍മെയ്ന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരത്തില്‍ മൂന്നു പേരെ കഴിഞ്ഞദിവസം വീസ റദ്ദാക്കി സ്വന്തം രാജ്യത്തേക്ക് തിരിച്ചയ്ക്കുകയും ചെയ്തു. ഈ പാത പിന്തുടര്‍ന്നാണ് ബ്രിട്ടനും ഹമാസ് അനുകൂലികള്‍ക്കെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുന്നത്.


അതിനിടെ, ഇസ്രയേലിന് പിന്തുണയുമായി ബ്രിട്ടീഷ് യുദ്ധ കപ്പലുകളും നിരീക്ഷണ വിമാനങ്ങളും അയക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനക് വ്യക്തമാക്കി. മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ടിട്ടുള്ള അമേരിക്കന്‍ യുദ്ധ കപ്പലുകള്‍ക്കൊപ്പം ബ്രിട്ടീഷ് നാവിക സേനയുടെ യുദ്ധ കപ്പലുകളും അണിനിരക്കും.

ബ്രിട്ടീഷ് റോയല്‍ എന്‍ഫോഴ്‌സിന്റെ നിരീക്ഷണ വിമാനങ്ങള്‍ മേഖലയില്‍ ഇന്നു മുതല്‍ നിരീക്ഷണ പറക്കല്‍ നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഹെലികോപ്റ്ററുകള്‍ പി-8 എയര്‍ ക്രാഫ്റ്റുകള്‍, മറീനുകള്‍ എന്നിവയാണ് ഇസ്രയേലിനെ സഹായിക്കാനള്ള മിലിറ്ററി പാക്കേജില്‍ തല്‍ക്കാലമുള്ളത്. ഇസ്രയേല്‍ സൈന്യത്തിന് ക്രിയാത്മക പിന്തുണ നല്‍കാനാണ് ബ്രിട്ടന്റെ സായുധ സേന ഉള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Previous Post Next Post