കളമശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്; ബാറ്ററി അവശിഷ്ടങ്ങൾ കണ്ടെത്തി



കളമശ്ശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബാണെന്ന് സ്ഥിരീകരിച്ചു. ഐഇഡി (Improvised explosive device) അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഐഇഡിയിൽ ഉപയോഗിച്ച ബാറ്ററിയുടെ ഭാഗമാണ് കണ്ടെത്തിയത്. കൺവെൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ബാറ്ററിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചെന്നാണ് നിഗമനം.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌ഫോടനമുണ്ടായ സമയത്ത് സംഭവസ്ഥലത്തുനിന്നും ഒരു നീല മാരുതി സുസുകി ബലേനോ കാർ പുറത്തേക്ക് പോയിരുന്നു. ഇതിന്റെയടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിച്ചു.

സ്ഫോടനത്തിൽ പരുക്കേറ്റ 52 പേർ ചികിത്സ തേടിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 18 പേർ വിവിധ ആശു പത്രികളിലായി ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. 6 പേരുടെ നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റ എല്ലാവർക്കും കഴിയാവുന്ന ഏറ്റവും നൂതന ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.

കളമശേരിയിലെ ബോംബ് സ്ഫോടനത്തിൽ തൃശൂർ കൊടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങിയിട്ടുണ്ട്. കീഴടങ്ങിയ ആൾ കൊച്ചി സ്വദേശിയാണെന്ന് വിവരം. 48 വയസ്സുള്ള മാർട്ടിനെന്നയാളാണ് പൊലീസിൽ കീഴടങ്ങിയത്. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനിൽ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ് പൊലീസ്.

Previous Post Next Post