ബംഗളൂരു : ബ്ലൗസിനടിയിൽ തേച്ചുപിടിപ്പിച്ചും ഡ്രൈ ഫ്രൂട്ട്സിനിടയില്‍ ഒളിപ്പിച്ചും മലദ്വാരത്തിനിടയിൽ ക്യാപ്സ്യൂളുകളായും കടത്താൻ ശ്രമിച്ച ഒരു കിലോയിലേറെ വരുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലേഷ്യൻ സ്വദേശിയായ യുവതി അടക്കം രണ്ട് സ്ത്രീകള്‍ക്കെതിരെയും ഒരു യുവാവിനെ തിരെയും കേസെടുത്തു.
വെള്ളിയാഴ്ച രാത്രി ക്വലാലംപുരില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ ബെംഗളൂരുവിലെത്തിയ രണ്ട് സ്ത്രീകളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നത് 67 ലക്ഷം രൂപയുടെ സ്വര്‍ണവേട്ടയാണ്. വിമാനത്തില്‍ നിന്നിറങ്ങിയ മലേഷ്യന്‍ യുവതിയെയും മറ്റൊരു സ്ത്രീയെയും സംശയത്തെത്തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോള്‍ മലേഷ്യന്‍ യുവതി മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തി. 579 ഗ്രാം സ്വര്‍ണമാണ് നാല് ക്യാപ്‌സ്യൂളുകളാക്കി യുവതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഇതിന് 34.4 ലക്ഷം രൂപയോളം വിപണിയില്‍ വിലവരും.ബ്ലൗസിനുള്ളില്‍ തേച്ചുപിടിപ്പിച്ച നിലയിലാണ് രണ്ടാമത്തെ യുവതിയിൽ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. ദേഹപരിശോധനയ്ക്കിടെ യുവതി ധരിച്ചിരുന്ന സില്‍ക്ക് ബ്ലൗസില്‍ അസ്വാഭാവികത തോന്നിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിക്കുകയായിരുന്നു.
ബ്ലൗസിന്റെ അസാധാരണമായ ഭാരമാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ബ്ലൗസ് മുറിച്ച് പരിശോധിച്ചതോടെയാണ് അകത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്. 301 ഗ്രാം സ്വര്‍ണമാണ് ഇത്തരത്തില്‍ ബ്ലൗസിനുള്ളിലുണ്ടായിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഗള്‍ഫ് എയര്‍ വിമാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ കുവൈറ്റിൽ നിന്നെത്തിയ യാത്രക്കാരനാണ് ഡ്രൈ ഫ്രൂട്‌സിനിടയില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. അണ്ടിപരിപ്പ്, ബദാം തുടങ്ങിയവ കൊണ്ടുവന്ന പാക്കറ്റിലാണ് സ്വര്‍ണത്തിന്റെ കഷണങ്ങളും ഉണ്ടായിരുന്നത്.
പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം മിക്സ് ചെയ്ത നിലയിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. സ്വര്‍ണത്തിന്റെ 40 കഷണങ്ങളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തതെന്നും ഇതിന് 15 ലക്ഷം രൂപവിലവരുമെന്നും കസ്റ്റംസ് അറിയിച്ചു. നികുതി വെട്ടിച്ച് കൊണ്ടുവന്ന ഐഫോണ്‍ 14 പ്രോ മാക്‌സ് മൊബൈല്‍ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.