ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ.ഏറ്റുമാനൂർ:  യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം വെച്ചൂർ നാണുപറമ്പ് ഭാഗത്ത് മകയിരം ഭവൻ വീട്ടിൽ ( ചേർത്തല കടക്കരപ്പള്ളി ഭാഗത്ത് ഇപ്പോൾ താമസം) അപ്പു എന്ന് വിളിക്കുന്ന അർജുൻ(27), മാഞ്ഞൂർ മേലുക്കുന്നേൽ വീട്ടിൽ  കേളു എന്ന് വിളിക്കുന്ന അഭിജിത്ത് രാജു (21), മാഞ്ഞൂർ ആശാരിപറമ്പിൽ വീട്ടിൽ മണിക്കുഞ്ഞ് എന്ന് വിളിക്കുന്ന അജിത്കുമാർ (33), വൈക്കം, കുടവച്ചൂർ  ഞാറുകുളം ഭാഗത്ത് ശ്രീജിത്ത് ഭവൻ വീട്ടിൽ വൈഡ് എന്ന് വിളിക്കുന്ന ശ്രീജിത്ത്.എം (26) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് 25-ആം തീയതി രാത്രി 9:30 മണിയോടുകൂടി നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപം വച്ച്  നീണ്ടൂർ സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഇയാളുടെ സുഹൃത്തിനെയും ഇവർ സംഘം ചേർന്ന് മർദ്ദിച്ചു.  പണമിടപാടിന്റെ പേരില്‍ യുവാവിനോട് ഇവർക്ക് മുൻവൈരാഗ്യം  നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന്   കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ   ഇവരെ പിടികൂടുകയായിരുന്നു. അർജുനന് തലയോലപ്പറമ്പ്, കുമരകം, വൈക്കം എന്നീ സ്റ്റേഷനുകളിലും അഭിജിത്ത് രാജുവിന് ഏറ്റുമാനൂർ, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലും അജിത് കുമാറിന് കടുത്തുരുത്തി സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ സാഗർ എം.പി, സി.പി.ഓ മാരായ സജി പി.സി, പ്രീതിജ്, ഡെന്നി, അനീഷ് വി.കെ, സെയ്ഫുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. നാലു പേരെയും കോടതിയിൽ ഹാജരാക്കി.
Previous Post Next Post