കേരളീയത്തില്‍ ഗവര്‍ണര്‍ ഔട്ട്; ക്ഷണിക്കാതെ സര്‍ക്കാര്‍


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയ പരിപാടിയില്‍ ഗവര്‍ണര്‍ക്ക് ക്ഷണമില്ല. ഗവര്‍ണര്‍ തലസ്ഥാനത്ത് ഉണ്ടായിട്ടും ക്ഷണമില്ലെന്ന് രാജ്ഭവന്‍ സ്ഥിരീകരിച്ചു. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതില്ലായെന്ന നയപരമായ തീരുമാനം സര്‍ക്കാര്‍ കൈകാള്ളുകയായിരുന്നു.
നവംബര്‍ 1 ന് രാവിലെ 10 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ശോഭന എന്നിവരും യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് ഗവര്‍ണര്‍ക്ക് ക്ഷണമില്ലാത്തത്.

നവംബര്‍ ഒന്നുമുതല്‍ ഏഴു വരെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി കവടിയാര്‍ മുതല്‍ കിഴക്കെക്കോട്ട വരെ 42 വേദികളിലായാണ് നടക്കുക. നവംബര്‍ രണ്ടു മുതല്‍ ആറുവരെ രാവിലെകളില്‍ സെമിനാറുകള്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന കലാപരിപാടികളില്‍ 4100 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങിയവ രാവിലെ 10 മുതല്‍ രാത്രി 10 വരെയുണ്ടാകും.
30 വേദികളിലായി 300ല്‍ അധികം കലാപരിപാടികള്‍ അരങ്ങേറും. 4,100 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. എട്ട് വേദികളിലായാണ് ട്രേഡ് ഫെയറുകള്‍. 425 സംരംഭകര്‍ പങ്കെടുക്കും. മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി കേരളത്തിന്റെ തനത് രുചികള്‍ ഉള്‍പ്പെടുത്തി വ്യത്യസ്തമായ ഫുഡ് ഫെസ്റ്റിവല്‍ അരങ്ങേറും.

ചലച്ചിത്ര അക്കാദമി കേരളീയത്തിന്റെ ഭാഗമായി കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ ചലച്ചിത്രമേള സംഘടിപ്പിക്കും. ഇതില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറുവേദികളിലായി പുഷ്‌പോത്സവം സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി വൈകീട്ട് ആറു മണി മുതല്‍ 11 വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും. കൂടാതെ സൗജന്യ കെഎസ്ആര്‍ടിസി യാത്രാ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Previous Post Next Post