ഈരാറ്റുപേട്ടയിൽ വീടുകയറി ആക്രമണം: മൂന്നുപേർ അറസ്റ്റിൽ. ഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തറ ചിറപ്പാറ കോളനി ഭാഗത്ത് തൈക്കാവിൽ വീട്ടിൽ സാജിദ് നസീർ(25), വടയാർ മഞ്ഞ കണ്ടത്തിൽ വീട്ടിൽ  അൻസാരി എം.ബി (35), തലയോലപ്പറമ്പ് ഉപ്പിതറ വീട്ടിൽ ശ്രീനി യോഹന്നാൻ  (54) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഈരാറ്റുപേട്ട കുറ്റിപ്പാറ സ്കൂളിന് സമീപമുള്ള വീട്ടിൽ കഴിഞ്ഞദിവസം രാത്രി 11:45 മണിയോടുകൂടി അതിക്രമിച്ചുകയറി  വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും, വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടർന്ന്  കയ്യിലുണ്ടായിരുന്ന അരിവാൾ കൊണ്ട് ഗൃഹനാഥനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവർക്ക് ഗൃഹനാഥന്റെ കുടുംബത്തോട്  കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിൽ  മൂവരെയും വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി.വി, ഷാബുമോൻ ജോസഫ്, അംശു പി. എസ്, അനിൽ വർഗീസ്, സി.പി.ഓ മാരായ അനീഷ് കെ.സി, ജിനു കെ.ആർ, ജോബി ജോസഫ്, അജിത് എം.ചെല്ലപ്പൻ സന്ദീപ് രവീന്ദ്രൻ, രാജേഷ് എൻ.ആർ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി.
Previous Post Next Post