കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറോടെ ദേശീയപാതയിൽ അമ്പാട്ടുകാവിലാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിക്ക് പിന്നിൽ കാറിടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കൃഷ്ണകുമാറാണ് കാർ ഓടിച്ചിരുന്നത്. അഗ്നിശമനസേനാ ഉദ്യോഗസ്ഥരെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്തത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണകുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.