കീറല്‍ തുന്നിയ കോട്ടുമായി ചാള്‍സ് രാജാവ്; ഞെക്കിപ്പിഴിഞ്ഞ നാരങ്ങ വീണ്ടും ഉപയോഗിച്ചിരുന്ന മുന്‍ രാജ്ഞി; ജീവിത ചിലവ് കൂടുമ്പോള്‍ ശതകോടീശ്വരരായ രാജകുടുംബത്തിന്റെ മുണ്ടുമുറുക്കിയുടുത്തുള്ള ജീവിത രീതി എന്തുകൊണ്ട് കണ്ടു പഠിച്ചുകൂടാ?



സമ്പത്ത് അമിതമായ ആഡംബരം ആസ്വദിക്കാനുള്ളതല്ല എന്ന് പ്രവൃത്തി കൊണ്ട് തെളിയിച്ചവരാണ് ബ്രിട്ടീഷ് രാജകുടുംബം. നിരവധി കൊട്ടാരങ്ങളും, കുമുഞ്ഞു കൂടുന്ന ബാങ്ക് ബാലന്‍സുമൊക്കെയുള്ളപ്പോഴും, കണക്കില്ലാതെ ഒരു പൗണ്ട് പോലും ചെലവിടാന്‍ ഇപ്പൊഴും അവര്‍ മടിക്കുന്നു. ഒരുപക്ഷെ, സാധാരണക്കാരായ നമ്മള്‍ പിശുക്ക് എന്ന് പേരിട്ടുവിളിക്കുന്ന ഈ കരുതലിന്റെ ഉത്തമോദാഹാരണമായിരുന്നു അന്തരിച്ച എലിസബത്ത് രാജ്ഞി.


രാജ്ഞിയുടെ 'പിശുക്കി' നെ കുറിച്ച് നിരവധി കഥകളുണ്ട്. ഉപയോഗിക്കാത്ത മുറികളിലെ ലൈറ്റുകള്‍ അണക്കുന്നതിലെ കാര്‍ക്കശ്യം മുതല്‍, സാല്‍മണില്‍ ഒരിക്കല്‍ മാത്രം പിഴിഞ്ഞൊഴിച്ച പാതി നാരങ്ങ, വീണ്ടും ഉപയോഗിക്കുന്നതിനായി അടുക്കളയിലെ ഫ്രിഡ്ജിലേക്ക് കൊടുത്തയയ്ക്കുന്നതു വരെയുള്ള കഥകള്‍. 'പിശുക്കി' ന്റെ കാര്യത്തില്‍ രാജ്ഞി ഒറ്റക്കൊന്നുമല്ല.. രാജ്ഞിയുടെ മുത്തശ്ശി ക്യുന്‍ മേരി പലര്‍ക്കും സമ്മാനമായി നല്‍കിയിരുന്നത്, കൊട്ടാരത്തിലെ പൂക്കൂടകളില്‍ സൂക്ഷിച്ചിരുന്ന ഉപയോഗിച്ച പൂക്കളായിരുന്നു.


ഈ സ്വഭാവം രാജകുടുംബത്തിലെ ജീനുകള്‍ക്കൊപ്പം തലമുറകളിലേക്കും സഞ്ചരിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വില്യമും കെയ്റ്റും. ഇരുവരും പരമാവധി ചെലവ് കുറഞ്ഞ വിമാനങ്ങളില്‍ പറക്കാനാണ് ആഗ്രഹിക്കുനന്ത്. ചാള്‍സ് രാജാവാണെങ്കില്‍ കീറലുകള്‍ തുന്നിച്ചേര്‍ത്ത കോട്ടുകള്‍ ഉപയോഗിക്കാറുണ്ട്. ശൈത്യകാലം അടുത്തു വരുമ്പോള്‍, ജീവിത ചെലവ് കുത്തനെ കുതിച്ചുയരുമ്പോള്‍ എന്തുകൊണ്ട് നമുക്കും ഈ രാജകീയ പിശുക്കത്തരം സ്വായത്തമാക്കിക്കൂടാ?


പണം ലാഭിക്കല്‍ മാത്രമല്ല, വൈദ്യുതി ലാഭിക്കുക കൂടിയായിരുന്നു കൊട്ടാരത്തിലെ ഉപയോഗിക്കാത്ത മുറികളിലെ ലൈറ്റുകള്‍ അണച്ചുകൊണ്ട് രാജ്ഞി ചെയ്തിരുന്നത്. വൈദ്യൂതി ക്ഷാമം പരിഹരിക്കാന്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെ ഒരു എളിയ പരിശ്രമം. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ 40,000 ലൈറ്റുകള്‍ ഉണ്ട് എന്നതാണ് ഒരു ഏകദേശക്കണക്ക്. കൊട്ടാരത്തിന്റെ പലയിടങ്ങളിലും, ആവശ്യമില്ലാത്ത ലൈറ്റുകള്‍ അണക്കണമെന്ന് ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ചാള്‍സ് രാജാവിനും ഇതേ സ്വഭാവമാണെന്ന് ഒരു അഭിമുഖത്തില്‍ ഹാരി രാജകുമാരന്‍ വെളിപ്പെടുത്തിയിരുന്നു.


വൈദ്യൂതി പോലെ തന്നെ പാഴാക്കാതിരിക്കാന്‍ ശ്രമിക്കേണ്ട ഒന്നാണ് ഭക്ഷണവും. ഇവിടെയും പണം ലാഭിക്കല്‍ മാത്രമല്ല ലക്ഷ്യം, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒരു ക്ഷാമം തടയുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത്. ബാക്കി വന്ന ഭക്ഷണം സൂക്ഷിച്ചു വയ്ക്കുന്ന സ്വഭാവം രാജകുടുംബാംഗങ്ങള്‍ക്ക് ഉണ്ടെന്ന് 1989-2000 കാലഘട്ടത്തില്‍ കൊട്ടാരത്തിലെ ഷെഫ് ആയിരുന്ന കരോലിന്‍ റോബ് പറയുന്നു. തനിക്ക് ഭക്ഷിക്കാന്‍ ആകുമെന്ന് തോന്നുന്നത്ര ഭക്ഷണം മാത്രമെ വിളമ്പാവൂ എന്ന് ചാള്‍സ് നിഷ്‌കര്‍ഷിക്കുമായിരുന്നത്രെ.


വളരെയധികം സാമ്പത്തിക കരുതലുള്ള വ്യക്തിയായിരുന്നു ചാള്‍സ്. ഒന്നും പാഴാക്കരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്, കരോലിന്‍ റോബ് പറയുന്നു. ഭക്ഷണം പാഴാക്കുന്നതിനെതിരെ കടുത്ത പോരാട്ടം നടത്തുന്ന വ്യക്തിയാണ് ചാള്‍സ് രാജാവ്. ഈ വരുന്ന നവംബര്‍ 14 ന് തന്റെ 75-ാം ജന്മദിനത്തില്‍ഭക്ഷണം പാഴാക്കുന്നതിനെതിരെ പുതിയ പ്രചാരണ പരിപാടി ആരംഭിക്കുകയാണ് അദ്ദേഹം. ഭക്ഷണം പാഴാക്കാതിരുന്നാല്‍ ഓരോ വര്‍ഷവും 25 ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ ആവശ്യമായത് നമുക്ക് സംഭരിക്കാന്‍ ആകുമെന്നാണ് കണക്കുകള്‍ പറയുന്നത്.


ഒരു നാരങ്ങപോലും പരമാവധി ഉപയോഗിക്കാതെ വലിച്ചെറിയരുതെന്ന് വിശ്വസിച്ചിരുന്ന ഒരു അമ്മയുടെ മകന് അങ്ങനെയല്ലെ ആകാന്‍ കഴിയൂ എന്നും അവര്‍ ചോദിക്കുന്നു. മാത്രമല്ല, വളരെ ലളിതമായ ഭക്ഷണമായിരുന്നു രാജ്ഞി പ്രാതലിന് കഴിച്ചിരുന്നത്. ചാള്‍സ് രാജാവും അക്കാര്യത്തില്‍ വ്യത്യസ്തനല്ല. അതുപോലെ, ശൈത്യകാലത്ത് കൊട്ടാരം മുഴുവന്‍ ചൂടാക്കി നിലനിര്‍ത്തുന്നതിനു പകരം ഓരോ മുറിയും ആവശ്യമുള്ളപ്പോള്‍ മാത്രം ചൂടാക്കുന്നതിനായി ടു ബാര്‍ ഇലക്ട്രിക് ഫയറുകളോ അല്ലെങ്കില്‍ കണ്‍വെന്‍ഷണല്‍ ഹീറ്ററുകളോ ആണ് ഉപയോഗിച്ചിരുന്നത്.


പണം ലാഭിക്കുവാന്‍ രാജ്ഞി കണ്ടെത്തിയ മറ്റൊരു മാര്‍ഗ്ഗം തനിക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ പൊതിഞ്ഞു കിട്ടുന്ന കടലാസുകളും റിബ്ബണുകളും സൂക്ഷിച്ചു വയ്ക്കുകഎന്നതായിരുന്നു എന്ന് ചരിത്രകാരന്‍ കെയ്റ്റ് വില്യംസ് പറയുന്നു. അതുകൊണ്ട് മറ്റാര്‍ക്കെങ്കിലും സമ്മാനം നല്‍കേണ്ടതായി വരുമ്പോള്‍ അത് ഉപയോഗപ്പെടുത്താനാകും. അങ്ങനെ റാപ്പറിന്റെ പണം ലാഭിക്കാം.

Previous Post Next Post