ഷവായ് ചിക്കൻ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ; കായംകുളത്ത് ഹോട്ടൽ അടപ്പിച്ചു

 


ആലപ്പുഴ: കായംകുളത്ത് ഷവായ് ചിക്കൻ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലാണ് നഗരസഭയിലെ ആരോഗ്യവഭാഗം ജീവനക്കാരെത്തി പൂട്ടിച്ചത്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ട 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.ഞായറാഴ്ച രാത്രിയാണ് കിങ് കഫേ ഹോട്ടലിൽനിന്ന് ഷവായ് ചിക്കൻ കഴിച്ച 20ഓളം പേർക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്. ഇവിടെനിന്ന് ഷവായ് ചിക്കൻ കഴിച്ചവർക്കാണ് തിങ്കളാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
ഛർദി, വയറിളക്കം, നടുവേദന എന്നീ ലക്ഷണങ്ങളോടെ ഇവരിൽ പലരും ചികിത്സ തേടിയത്. പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുലുണ്ണി (27), ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാൽ (29), നാസിക് (27), അഫ്സൽ (28), മൻസൂർ (27) തുടങ്ങിയവർ താലൂക്ക് ആശുപത്രിയിലും ഇലിപ്പക്കുളം സ്വദേശികളായ നിഷാദ് (27), അജ്മൽ (28), കണ്ണനാകുഴി സ്വദേശി അജ്മൽ (27) തുടങ്ങിയവർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

സംസ്ഥാനത്ത് അടുത്തിടെയായി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സംഭവങ്ങൾ വർദ്ധിച്ചിവരികയാണ്. കഴിഞ്ഞ ദിവസം എറണാകുളം ആർടിഒ അനന്തകൃഷ്ണനും മകനും ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയിരുന്നു. ഇവർ കാക്കനാട്ടെ ആര്യാസ് ഹോട്ടലിൽനിന്ന് നെയ്റോസ്റ്റും വടയും കഴിച്ചിരുന്നു. ഇതേത്തുടർന്ന് നഗരസഭാ ഉദ്യോഗസ്ഥരെത്തി ഈ ഹോട്ടൽ പൂട്ടിച്ചു.

Previous Post Next Post