ശബരിമലയ്ക്ക് 40 അയ്യപ്പന്മാർ ഉണ്ടോ? കെഎസ്ആർടിസി പടിക്കലെത്തും

 


പത്തനംതിട്ട: ശബരിമലയിലേക്ക് 40 യാത്രക്കാർ ഉണ്ടെങ്കിൽ ബസ് പടിക്കലെത്തും. പമ്പയിലേക്ക് തീർഥാടകരെ കൊണ്ടുവന്ന് തിരികെ എത്തിക്കും വിധമാണ് കെഎസ്ആർടിസി പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. 40 പേരുള്ള ഗ്രൂപ്പകൾക്ക് കേരളത്തിന്റെ എവിടെ നിന്നും കെഎസ്ആർടിസി ബുക്ക്‌ ചെയ്തു പമ്പയ്ക്ക് വന്നു തിരികെ പോകാൻ ഇതിലൂടെ കഴിയും.ശബരിമല തീർഥാടകരെ പമ്പയിലേക്കും തിരികെ നാടുകളിലേക്കും എത്തിക്കാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഏർപ്പെടുത്തി. നിലക്കൽ - പമ്പ ചെയിൻ സർവീസും നടത്തും. ഡ്രൈവർ കം കണ്ടക്ടറെ ഉപയോഗിച്ചു സർവീസ് നടത്താനായിരുന്നു തീരുമാനം. എന്നാൽ മണ്ഡല - മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ - പമ്പ ഷട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ വേണമെന്ന് ഹൈക്കോടതി നിദേശിച്ചു.കഴിഞ്ഞ സീസണിൽ കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തിയിരുന്നു. ഇത് തീർഥാടകർക്ക് ബുദ്ധിമുട്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. കണ്ടക്ടറില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് ക്യൂ നിന്ന് ടിക്കറ്റ് എടുത്തശേഷമേ ബസില്‍ കയറാന്‍ കഴിയുമായിരുന്നുള്ളൂ. ഇത് തിക്കിനും തിരക്കിനും കാരണമായിരുന്നു. പമ്പയില്‍ ത്രിവേണി ജങ്ഷനില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കാനും കോടതി നിര്‍ദേശം നല്‍കി.മണ്ഡലകാലത്തിന്റെ ആദ്യ ഘട്ടത്തത്തിൽ 473 ബസുകളും രണ്ടാംഘട്ടത്തിൽ 513 ഉം മകരവിളക്കിന് 800 ബസുകളും കെഎസ്ആർടിസി ഓടിക്കും. നിലക്കൽ - പമ്പ സർവീസിനായി 220 ബസുകളാണ്‌ ഉണ്ടാകുക.

Previous Post Next Post