നാല് ദിവസം വെടിനിർത്തൽ; 50 ബന്ദികളുടെ മോചനം; മദ്ധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽജെറുസലേം : ബന്ദികളുടെ മോചനത്തിനായുള്ള മാദ്ധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ. ഇതോടെ ബന്ദികളാക്കപ്പെട്ട 50 സ്ത്രീകളുടെ മോചനം സാദ്ധ്യമാകും. വോട്ടെടുപ്പിലൂടെയാണ് കരാറിനെ ഇസ്രായേൽ സർക്കാർ പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പുറമേ നാല് ദിവസം നീണ്ട വെടിനിർത്തലിനായുള്ള വ്യവസ്ഥയ്ക്കും അംഗീകാരമുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മദ്ധ്യസ്ഥകരാർ അംഗീകരിക്കുന്നതായി വ്യക്തമാക്കിയത്.

ഇസ്രായേൽ- ഹമാസ് പോരാട്ടം ശക്തമായ സാഹചര്യത്തിൽ ഖത്തറിന്റെയും അമേരിക്കയുടെയും നേതൃത്വത്തിലാണ് മദ്ധ്യസ്ഥ നീക്കങ്ങൾ പുരോഗമിക്കുന്നത്. മദ്ധ്യസ്ഥകരാർ അംഗീകരിക്കുന്നതിൽ ഇസ്രായേൽ മന്ത്രിസഭയിൽ ഭിന്നാഭിപ്രായമാണ് ഉയർന്നുവന്നത്. ഈ സാഹചര്യത്തിലായിരുന്നു വോട്ടിനിട്ട് പിന്തുണ തേടിയത്.

ഗാസയിൽ ബന്ദികളാക്കപ്പെട്ട സ്ത്രീകളെയാണ് ഭീകരർ മോചിപ്പിക്കുക. ഇവർക്കൊപ്പം കുട്ടികളെയും മോചിപ്പിക്കും. ഇസ്രായേൽ- ഹമാസ് പോരാട്ടം ആരംഭിച്ചതിന് ശേഷം സംഘർഷം പരിഹരിക്കുന്നതിനായി സ്വീകരിച്ച ആദ്യ നടപടിയാണ് വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള മദ്ധ്യസ്ഥ കരാർ. വെടിനിർത്തൽ കരാർ ഇന്ന് തന്നെ നടപ്പിലാക്കിയേക്കും.

അതേസമയം മദ്ധ്യസ്ഥകരാർ അംഗീകരിച്ചെങ്കിലും ഹമാസിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഭൂമിയിൽ നിന്നും ഇല്ലായ്മ ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആറ് ആഴ്ചയായി ഇസ്രായേൽ- ഹമാസ് പോരാട്ടം ശക്തമായി തുടരുകയാണ്. ഇതുവരെ 13,000 പേരാണ് മരിച്ചത്. മൂന്ന് മില്യൺ ആളുകൾക്ക് തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു. 250 പേരെയാണ് ഹമാസ് ഭീകരർ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ബന്ദികളാക്കിയത്.
Previous Post Next Post