പതിവായി വൈദ്യുതി മുടക്കം…. കെ.എസ്.ഇ.ബി ഓഫീസിൽ കറൻറ് ബില്ല് തുകയായി 8000 രൂപയുടെ ചില്ലറ നാണയങ്ങൾ അടച്ച് പഞ്ചായത്തംഗത്തിൻ്റെ വേറിട്ട "ചില്ലറ " പ്രതിഷേധം വൈറൽ

കൊല്ലം: വൈദ്യുതി മുടക്കം പതിവായതോടെ കെ.എസ്.ഇ.ബിക്കെതിരെ പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം ഇങ്ങനെ. കൊല്ലം പത്തനാപരം തലവൂരിൽ കെഎസ്ഇബിയുടെ പട്ടാഴി സെക്ഷൻ ഓഫീസിലാണ് സംഭവം. തലവൂർ പഞ്ചായത്ത് രണ്ടാലുംമൂട് വാർഡ് അംഗം സി രഞ്ജിത്താണ് ‘ചില്ലറ’ പ്രതിഷേധം നടത്തിയത്. ദിവസം 20ൽ ഏറെ തവണ വൈദ്യുതി മുടങ്ങുന്നത് തലവൂരിൽ പതിവാണെന്ന് രഞ്ജിത്ത് പറഞ്ഞു. പലതവണ പരാതി പറഞ്ഞിട്ടുണ്ടെങ്കിലും കാര്യമായ നടപടി ഉണ്ടായിട്ടില്ല. ഇതാണ് പ്രതിഷേധത്തിന് കാരണം.തലവൂരിലെ വൈദ്യുതി ബിൽ അടയ്ക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കുന്ന അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. മേഖലയിലെ ഒമ്പതു പേരുടെ ബിൽ തുകയായ എണ്ണായിരം രൂപ ചില്ലറയായി നൽകുകയായിരുന്നു പഞ്ചായത്തംഗം. എണ്ണായിരം രൂപയുടെ ചില്ലറയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെക്കൊണ്ടി എണ്ണിച്ചത്. ബില്ലുകളും തുകയും പ്രത്യേകം കവറുകളിലാക്കി കെട്ടി വലിയ സഞ്ചിയിലാക്കി തോളിൽ ചുമന്നാണ് രഞ്ജിത്ത് കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തിയത്. 325, 1500, 950 എന്നിങ്ങനെ വ്യത്യസ്തമായ ബിൽ തുകകളായിരുന്നു ഓരോ ബില്ലിലും അടയ്ക്കേണ്ടിയിരുന്നത്. ഒന്ന്, രണ്ട് അഞ്ച്, പത്ത് രൂപയുടെ നാണയങ്ങളാണ് ബിൽ തുകയായി നൽകിയത്. കെഎസ്ഇബി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്‍റ് എഞ്ചിനിയർ മുതൽ മുഴുവൻ ജീവനക്കാരും ഒരുമിച്ചിരുന്നാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്. ഇനിയും വൈദ്യുതി മുടക്കം പരിഹരിക്കാൻ നടപടി ആയില്ലെങ്കിൽ അടുത്ത തവണ വാർഡിലെ മുഴുവൻ വൈദ്യുതി ബില്ലുകളും പിക്കപ്പ് വാഹനം വിളിച്ച് നിറയെ നാണയമായി കൊണ്ടുവരുമെന്നും സെക്ഷൻ ഓഫീസ് ജീവനക്കാരെ രഞ്ജിത്ത് അറിയിച്ചു.
Previous Post Next Post