വയലിനിസ്റ്റ് ബി ശശികുമാർ അന്തരിച്ചു


 

കൊച്ചി : വയലിന്‍ വിദഗ്ധന്‍ ബി ശശികുമാര്‍ (77) അന്തരിച്ചു.
തിരുവല്ല സ്വദേശിയാണ്. അന്തരിച്ച സംഗീത സംവിധായകന്‍ ബാലഭാസ്‌കര്‍ അനന്തരവനാണ്.

 കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. തിരുവല്ല ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരിലെ നാദസ്വരം വിദ്വാൻ കൊച്ചുകുട്ടപ്പൻ എന്ന എം കെ ഭാസ്കര പണിക്കരുടെയും സരോജിനിയമ്മ യുടെയും മകനായി 1949 ഏപ്രിൽ 27 നാണ് ശശി കുമാറിന്റെ ജനനം. 

കർണ്ണാടക സംഗീതജ്ഞൻ കൂടിയാണ് ശശികുമാർ. സ്വാതി തിരുനാൾ കോളേജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും പാസായി. സ്വാതി തിരുനാൾ സംഗീത കോളേജിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് 1971 ൽ തിരുവനന്തപുരം ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി (വയലിൻ) ചേർന്നു. ബാലഭാസ്കറിന്റെ അമ്മാവൻ മാത്രമല്ല, ഗുരു കൂടിയായിരുന്നു ശശികുമാർ. 

ചെമ്പൈ, ശെമ്മങ്കുടി, ഡി.കെ. ജയരാമൻ, ഡി.കെ. പട്ടമ്മാൾ, എം.ഡി. രാമനാഥൻ, കെ.വി. നാരായണ സ്വാമി, ആലത്തൂർ ബ്രദേഴ്സ്, ശീർകാഴി ഗോവിന്ദ രാജൻ, എം. ബാലമുരളീകൃഷ്ണ, ടി.വി. ശങ്കരനാരായണൻ, മധുരൈ. ടി.എൻ. ശേഷഗോപാലൻ, ടി.കെ. ഗോവിന്ദറാവു, കെ.ജെ. യേശുദാസ്, എൻ. രമണി(ഫ്ലൂട്ട്), എസ്. ബാലചന്ദർ, ചിട്ടിബാബു (വീണ) എന്നിവരോടൊപ്പം കച്ചേരിക്ക് ശശികുമാർ വയലിൻ വായിച്ചിട്ടുണ്ട്. പണ്ഡിറ്റ് ജസ്‌രാജ്, എം.ബാലമുരളീ കൃഷ്ണ എന്നിവരോടൊപ്പം ജുഗൽബന്ദിയും നടത്തിയിട്ടുണ്ട്.
Previous Post Next Post