പകൽ സിപിഐ(എം) രാത്രി എസ് ഡി പി ഐ ;ലോക്കൽ സെക്രട്ടറിയെ തരം താഴ്ത്തി സിപിഐ(എം)
ചെങ്ങന്നൂർ : എസ് ഡി പി ഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരിൽ ആലപ്പുഴയിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് സിപിഎം നിർബന്ധിത അവധി നൽകി. ഷീദ് മുഹമ്മദിന് പകരം കെ എസ് ഗോപിനാഥിനാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല.ഷീദിന് ഒരു എസ് ഡി പി ഐ നേതാവുമായി ബിസിനസ് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഒരു ഹോട്ടൽ സംരംഭത്തിൽ ഷീദ് എസ് ഡി പി ഐ നേതാവിന്റെ പങ്കാളിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ തനിക്ക് പങ്കാളിത്തമില്ലെന്നാണ് പാർട്ടിക്ക് ഷീദ് വിശദീകരണം നൽകിയിരുന്നത്.

എന്നാൽ ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് ആരോപിച്ച് നിരവധി പ്രവർത്തകർ പ്രതിഷേധം ഉയർത്തിയിരുന്നു. ഷീദിനെതിരെ നടപടി വേണം എന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി വൈകിയതിനെ തുടർന്ന് ചെറിയനാട് ലോക്കൽ സൗത്ത് കമ്മിറ്റിയിലെ 38 സിപിഎം അംഗങ്ങൾ എട്ടുമാസം മുമ്പ് ഒരുമിച്ച് രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ഈ പ്രതിഷേധത്തിന് ശേഷവും പാർട്ടി ഷീദിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് 90 ഓളം അംഗങ്ങളും രാജിവെച്ചു.

ഇത്തരത്തില്‍ എട്ട് മാസത്തിനിടെ രാജിവെച്ച 120 ഓളം പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടികളില്‍ ഇതുവരെ ചേര്‍ന്നിട്ടില്ല. ഇവരെ തിരികെയത്തിക്കാനുള്ള ശ്രമത്തിലാണ് ചെങ്ങന്നൂരിലെ പാര്‍ട്ടി നേതൃത്വം. ഇതിനെ തുടര്‍ന്നാണ് ഷിദിനെ നിര്‍ബന്ധിത അവധിയിലേക്ക് വിടുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പനി ആയതിനാല്‍ അവധി വേണമെന്നാണ് ഇയാള്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.എസ് ഡി പി ഐ നേതാവിന് പങ്കാളിത്തമുള്ള കഫേ ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനായിരുന്നു. സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു ഷീദ് മന്ത്രിയെ ക്ഷണിച്ചത് എന്നാണ് സൂചന. ചടങ്ങിൽ എസ്ഡിപിഐ നേതാക്കളടക്കമുള്ളവർ പങ്കെടുത്തിരുന്നു
Previous Post Next Post