ഗള്‍ഫില്‍ ജോലി നേടുന്ന മലയാളികള്‍ കുറയുന്നു; യുപിയും ബിഹാറും ആദ്യമായി ഒന്നും രണ്ടും സ്ഥാനത്ത്

 


ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലെ ജോലിയോടുള്ള മലയാളികളുടെ താല്‍പര്യം കുറയ്യുന്നതായി കണക്കുകള്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴീലെ പ്രൊട്ടക്റ്റര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്നു ഗള്‍ഫ് ജോലി ലഭിച്ചവരുടെ എണ്ണത്തില്‍ വലിയ കുറവാണ് സംഭവിച്ചത്.കഴിഞ്ഞ വര്‍ഷം വരെ കേരളത്തില്‍ നിന്നുള്ളവരായിരുന്നു ഗള്‍ഫ് ജോലി തേടുന്ന ഇന്ത്യക്കാരില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നത്. യുപിയും ബിഹാറും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയപ്പോള്‍ കേരളം മൂന്നാംസ്ഥാനത്തേക്ക തള്ളപ്പെട്ടു. കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം കുറഞ്ഞപ്പോള്‍ അത് നികത്തിയത് യുപി, ബിഹാര്‍ സംസ്ഥാനങ്ങളാണ്.മലയാളികള്‍ കുറഞ്ഞെങ്കിലും ഗള്‍ഫിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഒഴുക്ക് വര്‍ധിക്കുകയാണുണ്ടായത്. ഈ വര്‍ഷം 50 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ റിക്രൂട്ട്‌മെന്റ് കുറഞ്ഞിരുന്നു. യുഎഇ, സൗദി അറേബ്യ, ഖത്തന്‍, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നീ ആറു ജിസിസി രാജ്യങ്ങളില്‍ ഈ വര്‍ഷം തൊഴില്‍ നേടിയ ഇന്ത്യക്കാരെ കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.ഇന്ത്യയില്‍ നിന്ന് സൗദിഅറേബ്യ, യുഎഇ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ തൊഴിലാളികള്‍ പോകുന്നത്. യുപി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യങ്ങള്‍ സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവയാണ്. ഗള്‍ഫില്‍ തൊഴില്‍ നേടുന്ന വനിതകളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്.കേരളത്തില്‍ നിന്ന് വ്യത്യസ്തമായി യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഗള്‍ഫിലെത്തുന്നവരില്‍ കൂടുതലും നിര്‍മാണ മേഖലയിലെ തൊഴിലാളികളാണ്. കച്ചവട സ്ഥാപനങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍, കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജോലികള്‍, ഹൗസ് ഡ്രൈവര്‍മാര്‍ തുടങ്ങിയ മേഖലകളിലാണ് മലയാളികള്‍ കൂടുതലായി ജോലിചെയ്യുന്നത്.


ആറ് ജിസിസി രാജ്യങ്ങളിലായി 85 ലക്ഷം ഇന്ത്യന്‍ തൊഴിലാളികളുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. വിദേശ നാണ്യം നേടുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യ ഒന്നാംസ്ഥാനത്ത് തുടരുന്നതായി ലോകബാങ്കിന്റെ കണക്കുകളും വ്യക്തമാക്കുന്നു. ചൈന, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
Previous Post Next Post