യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസ്; സിനിമാ താരത്തിന്റെ ചിത്രം ഉപയോഗിച്ചും തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമ താരത്തിന്റെ പേരിലും വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി എന്ന് പൊലീസ് കണ്ടെത്തി. തമിഴ്നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ രേഖയുണ്ടാക്കിയത്. പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാർഡ് കണ്ടെത്തിയത്. ഈ കാർഡ് വോട്ടിംഗിന് ഉപയോഗിച്ചതായി വ്യക്തമാകണമെങ്കിൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് രേഖകൾ ലഭിക്കണമെന്ന് പൊലീസ് പറയുന്നു.

അതേസമയം, കേസിൽ അറസ്റ്റിലായ പ്രതികൾ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകും. ഇന്നലെ പ്രതികളെ ഹാജരാക്കിയപ്പോൾ നാല് പേർക്കും കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. തുറന്ന കോടതിയിൽ കേസ് കേൾക്കുന്നതിന് വേണ്ടിയാണ് ജാമ്യം നൽകിയത്. രാവിലെ 11 മണിക്കാണ് സിജെഎം കോടതി കേസ് പരിഗണിക്കുന്നത്. നിലവിൽ അറസ്റ്റിലായ അഭി വിക്രം , ഫെന്നി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണൻ എന്നിവരുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. ഇവരുടെ സ്ഥാപനങ്ങളിലടക്കം പൊലീസ് പരിശോധന നടത്തി. അടൂരും പന്തളവും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്.
Previous Post Next Post