കോഴിക്കോട്: പലസ്തീൻ റാലിയിലേക്കുള്ള സി.പി.എം ക്ഷണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. സി.പി.എം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പി.എം.എ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി. സി.പി.എമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യു.ഡി.എഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.
സി.പി.എം പലസ്തീൻ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ചതിൽ എന്ത് തീരുമാനമെടുക്കണമെന്ന് നാളെ പാർട്ടി നേതാക്കന്മാർ കൂടിച്ചേർന്ന് തീരുമാനിക്കുമെന്നും നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഓഫീസിൽ ഇതിനായി നേതാക്കൾ യോഗം ചേരുമെന്നും പിഎംഎ സലാം പറഞ്ഞു. ഇടി ബഹുമാന്യനായ നേതാവാണ്, അദ്ദേഹത്തിന്റേത് വ്യക്തിപരമായ നിലപാടാണ്. അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടെന്നും അത് നാളെ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.