കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സിപിഐ നേതാവും കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരാംഗന് ഇഡി കസ്റ്റഡിയിൽ ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. നിലവിൽ കിംസ് ആശുപത്രിയിലാണ് ഭാസുരാംഗൻ ചികിത്സയിലുള്ളത്

ഇന്നലെ രാത്രിയോടെയായിരുന്നു ഭാസുരാംഗനെ ഇഡി കസ്റ്റഡിയിൽ എടുത്തത്. രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടർന്നു. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ഇയാൾ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചു.ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാവിലെ ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഭാസുരാംഗനെ കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര സേനയുടെ അകമ്പടിയോടെയായിരുന്നു ഇഡി സംഘം എത്തിയത്.

ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മാറനല്ലൂരിലെ വീട്ടിലും പരിശോധന നടത്തി. മാറനല്ലൂരിലെ വീട്ടിൽവച്ചുള്ള ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ ആയിരുന്നു അവശത അനുഭവപ്പെട്ടത്. ഭാസുരാംഗൻ കണ്ടലയിലെ വീട്ടിൽ നിന്നും ആറു മാസം മുമ്പ് താമസം മാറിയിരുന്നു.
Previous Post Next Post