ബസ് സ്റ്റോപ്പില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം

കൊച്ചി: ബസ് സ്റ്റോപ്പില്‍ വെച്ച് യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ, ചേർത്തല സ്വദേശി പ്രവീൺകുമാർ എന്നയാളെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് കളമശ്ശേരി കുസാറ്റ് ബസ് സ്റ്റോപ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളമശ്ശേരിയിൽ താമസിക്കുന്ന യുവതി കൂട്ടുകാരിയെ ബസ് സ്റ്റോപ്പിൽ കൊണ്ടുവിട്ട് മടങ്ങവെ ബസ് സ്റ്റോപ്പിലിരുന്ന യുവാവ് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഭയന്നുപോയ യുവതി വേഗം തന്നെ വീട്ടിലേക്ക് മടങ്ങവെ യുവാവ് പിന്തുടർന്ന് വീണ്ടും നഗ്നത കാണിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിക്കുകയുമായിരുന്നു.

യുവതി ബഹളം വെച്ചപ്പോൾ ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിൽ സി.പി.ഒ കൃഷ്ണരാജ്, ശരത്ത് ലാൽ, രതീഷ് എന്നിവർ സംഭവസ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കളമശ്ശേരിപൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കളമശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Previous Post Next Post