റോബിൻ ബസിനു മുൻപേ ഓടുന്ന കെഎസ്ആർടിസിക്ക് ഭാഗിക പെർമിറ്റ് മാത്രം… കാലിയടിച്ച് യാത്ര….


 

പത്തനംതിട്ട ∙ റോബിൻ ബസിനു മുൻപേ പത്തനംതിട്ടയിൽനിന്നു കോയമ്പത്തൂരിലേക്കു സർവീസ് നടത്തുന്ന കെഎൽ15എ 909 കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസിന് ഭാഗികമായ പെർമിറ്റ് മാത്രം. തൃശൂരില്‍ നിന്ന് വാളയാർ വഴി കോയമ്പത്തൂരിലേക്കുള്ള പെർമിറ്റ് മാത്രമാണ് ഈ ബസിനുള്ളത്.  2015ൽ റജിസ്റ്റർ ചെയ്ത ഈ വാഹനത്തിനു 2028 വരെ പെർമിറ്റുണ്ടെങ്കിലും അത് തൃശൂരിൽ നിന്നാണെന്ന് മോട്ടർവാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. 

തൃശൂരിനും പത്തനംതിട്ടയ്ക്കും ഇടയ്ക്കുള്ള ഈ ബസിന്റെ യാത്ര അനധികൃതമാണെന്ന് വ്യക്തം. കൂടാതെ  കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന്റെ  വശങ്ങളിൽ പരസ്യങ്ങളും പതിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ മുൻനിർദേശപ്രകാരം ഇത്തരത്തിലുള്ള പരസ്യങ്ങൾ അനുവദനീയമല്ല. ബസുകളിൽ നിന്ന് പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് നേരത്തെ തന്നെ ഉത്തരവുണ്ടായിരുന്നു. യാത്രക്കാരില്ലാതെ കാലിയായിട്ടാണ് പത്തനംതിട്ടയില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിച്ചത്. 

പുഷ്ബാക് സീറ്റുകളുള്ള ബസ് പത്തനംതിട്ടയിൽ നിന്ന് രാവിലെ 4.30നാണ് കോയമ്പത്തൂരിലേക്കു പുറപ്പെട്ടത്. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, അങ്കമാലി, തൃശൂർ, പാലക്കാട് വഴി 12.30നു കോയമ്പത്തൂരിലെത്തും. അവിടെ നിന്നു വൈകിട്ട് 4.30നു മടങ്ങും. റോബിൻ ഇന്നലെ പുലർച്ചെ 05.05നാണു പത്തനംതിട്ടയിൽ നിന്നു സർവീസ് ആരംഭിച്ചത്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ച് നടത്തുന്ന സ്വകാര്യ ബസ് സർവീസിനെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതു പരിഗണിക്കുമ്പോൾ കെഎസ്ആർടിസിക്ക് ഈ റൂട്ടിൽ സർവീസ് ഇല്ലെന്ന വാദം ഉണ്ടാകാതിരിക്കാനാണു പുതിയ സർവീസ് തുടങ്ങുന്നതെന്നു പറയുന്നു.
Previous Post Next Post