കോട്ടയം കോടതിയിൽ നിന്നും ശിക്ഷ വിധിച്ചതിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ.



കോടതിയിൽ നിന്നും ശിക്ഷ വിധിച്ചതിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ പാറത്താട്ട് വീട്ടിൽ സാബു (60) കോട്ടയം വാഴൂർ പുതുപള്ളി കുന്നേൽ വീട്ടിൽ ചന്ദ്രശേഖരൻ(70) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സാബു 2007 ല്‍ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുമാസം തടവിനും, ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ചന്ദ്രശേഖരൻ 2005 ൽ ബൈക്ക് യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുവർഷത്തടവിനും, പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഇവർ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇത്തരത്തിൽ ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലാണ് ഇരുവരും പോലീസിന്റെ പിടിയിലാകുന്നത്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, പള്ളിക്കത്തോട് സ്റ്റേഷൻ എസ്.ഐ രമേശൻ,റെയ്നോൾഡ് ഫെർണാണ്ടസ്, സി.പി.ഓ മാരായ സുഭാഷ്, പ്രതാപചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Previous Post Next Post