പ്രായം വെറും നമ്പര്‍; അയ്യനെ കാണാൻ പാറുക്കുട്ടിയമ്മ ശബരിമല കയറിയത് 100 ാം വയസില്‍ 
ശബരിമല : സന്നിധാനത്ത് എത്തണമെന്നും അയ്യനെ തൊഴണമെന്നും പലര്‍ക്കും ആഗ്രഹം ഉണ്ടാകും. എന്നാല്‍ പലകാരണങ്ങളാല്‍ നടക്കാറില്ലെന്ന. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ കന്നിമല കയറിയത് തന്റെ നൂറാമത്തെ വയസിലാണ്. 

മൂന്നു തലമുറയില്‍പ്പെട്ടവരുടെ ഒപ്പമാണ് ആദ്യ ശബരിമല ദര്‍ശനത്തിനായി എത്തിയത്. കൊച്ചുമകന്‍ ഗിരീഷും പേരക്കുട്ടികളുമടങ്ങിയ പതിനാലംഗ സംഘമാണ് ശബരിമലയില്‍ പാറുക്കുട്ടിയമ്മക്കൊപ്പം എത്തിയത്. 

കൊച്ചുമകന്‍ ഗിരീഷ് കുമാര്‍, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അന്‍വിത, അവന്തിക എന്നിവരാണ് സംഘത്തിലുള്ളത്. എന്തേ ഇത്രനാളും ശബരിമലയില്‍ പോകാന്‍ വൈകിയത് എന്ന ചോദ്യത്തിന് നേരത്തേ പോകണം എന്നുണ്ടായിരുന്നുവെന്നും പക്ഷേ, സാധിച്ചില്ലെന്നും പാറുക്കുട്ടിയമ്മ പറയുന്നു. പല തവണ മുടങ്ങിയപ്പോള്‍ നൂറു വയസാകുമ്പോഴേ ശബരിമലയിലേക്ക് പോകൂ എന്ന് തീരുമാനിച്ചു. 

പതിനെട്ടാംപടിയും പൊന്നമ്പലവും കണ്ടു പാറുക്കുട്ടിയമ്മയുടെ മനസ് നിറഞ്ഞിരിക്കുകയാണ്. മൂന്നാനക്കുഴിയില്‍നിന്ന് രണ്ടിനാണ് പതിനാലംഗസംഘം യാത്രതിരിച്ചത്. മൂന്നിന് പമ്പയിലെത്തിയ സംഘം വിശ്രമശേഷം നാലിന് രാവിലെയാണ് സന്നിധാനത്തെത്തിയത്.
Previous Post Next Post