ശബരിമല: തിരക്കേറുമ്പോഴും പ്രസാദ വില്‍പ്പനയില്‍ ഇടിവ്; ആദ്യ രണ്ടാഴ്ചക്കിടയിൽ 15 കോടി രൂപയുടെ കുറവ്

 


പത്തനംതിട്ട: ശബരിമലയില്‍ പ്രസാദ വിൽപ്പനയിൽ വരവിൽ ഗണ്യമായ കുറവ്. ഇതുസംബന്ധിച്ച കണക്കുകള്‍ ദേവസ്വം ബോർഡ് പുറത്തുവിട്ടിട്ടില്ല. ശബരിമല തീർഥാടന കാലത്തെ വരവ് ഓരോ പത്തുദിവസ ഇടവേളകളിലും മുൻ കാലങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. എങ്കിൽ ഇക്കുറി 25 ദിവസം പിന്നിട്ടപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.ശബരിമലയിൽ അപ്പം, അരവണ പ്രസാദങ്ങൾക്കാണ് ഏറെ ആവശ്യക്കാരുള്ളത്. ഇതുമൂലം ഇവയ്ക്കുള്ള കരാർ വളരെ മുൻകൂട്ടി നൽകുകയും നിർമാണം ആരംഭിക്കുകയും ചെയ്യും. ഇത്തവണ കരാർ നല്കാൻ വൈകിയിരുന്നു. എങ്കിലും സീസൺ ആരംഭിച്ചപ്പോഴേക്കും പ്രസാദങ്ങൾ ശേഖരിച്ചിരുന്നു. തിരക്ക് അനുസരിച്ച് ഉത്പാദനം തികയില്ലെന്ന് കരുതിയപ്പോഴാണ് വിൽപ്പനയിൽ ഗണ്യമായ കുറവ് ഉണ്ടായത്.

അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ അംശം കൂടിയെന്ന വിവാദത്തിൽ കഴിഞ്ഞ വര്‍ഷം നിർമ്മാണം നിർത്തിവച്ചിരുന്നു. അന്ന് കോടതി നിർദേശപ്രകാരം മാറ്റിവെച്ച ആറര കോടിയുടെ അരവണ ഇപ്പോഴും സ്റ്റോക്കുണ്ട്. ഇതിൽ കീടനാശിനി അമിതമായി ഇല്ലെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും വിവാദം ഇപ്പോഴും തുടരുകയാണ്.ഇക്കുറിയാകട്ടെ ജീരക കരാർ ആയിരുന്നു പ്രശ്നം. പുതിയ കരാറുകാരനുമായി തർക്കം ഉണ്ടായതോടെ കഴിഞ്ഞ വർഷത്തെ ടെണ്ടർ തന്നെ പുതുക്കി നൽകി. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾക്കിടയിലാണ് ഇപ്പോൾ വിൽപ്പനയിലും വലിയ കുറവ് ഉണ്ടായിരിക്കുന്നത്. ആദ്യ രണ്ടാഴ്ചക്കിടയിൽ 15 കോടി രൂപയുടെ കുറവ് ഉണ്ടെന്ന വിലയിരുത്തലാണ് ഇവർ നൽകുന്നത്. കഴിഞ്ഞ വര്‍ഷം തീർഥാടകർ വാങ്ങിയതിന്‍റെ പകുതി പോലും ഇത്തവണ വിൽപ്പന നടന്നിട്ടില്ല. കീടനാശിനി ഉണ്ടെന്ന പ്രചരണമാണ് ഇതിന് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും തിരക്കിൽപെടുന്ന അയ്യപ്പഭക്തർ സമയം വൈകുന്നതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽനിന്ന് ട്രെയിനിലും മറ്റും വരുന്നവർ തിരികെ വാഹനം പിടിക്കാനുള്ള തിരക്കിൽ പ്രസാദം വാങ്ങാതെ മടങ്ങുകയാണ്. ഇതും വലിയ തോതിൽ വിൽപ്പനയെ ബാധിച്ചിട്ടുണ്ട്.
Previous Post Next Post