തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടർന്നേക്കും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലകളിലും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇടവിട്ടുള്ള ഇടിമിന്നലോടുകൂടിയ മഴയാണ് പല ജില്ലകളിലും ലഭിച്ചത്. വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യത നിലവിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ യെല്ലോ - ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിലുള്ളവരും മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തേണ്ടതുണ്ട്.കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.