15 ആനകളെ അണിനിരത്തും; തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ മിനി പൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം


തൃശൂര്‍ : അടുത്തയാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരം സംഘടിപ്പിക്കാന്‍ ഒരുങ്ങി പാറമേക്കാവ് ദേവസ്വം. 

പൂരം പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

ജനുവരി മൂന്നിന് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ട്. ഈസമയത്ത് മിനി പൂരമൊരുക്കാന്‍ പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതി തേടി. അനുമതി ലഭിച്ചാല്‍ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ 15 ആനകളെ അണിനിരത്ത് മിനി പൂരം നടത്താനാണ് തീരുമാനം. 

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ പൂരം പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ തൃശൂര്‍ പൂരത്തിനൊപ്പമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി ശ്രമവും ആരംഭിച്ചിട്ടുണ്ട്. 

തൃശൂരില്‍ എത്തുന്ന നരേന്ദ്ര മോദി തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തിലും പങ്കെടുക്കും.

 അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുക. രണ്ട് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്.
Previous Post Next Post