ദേശീയ പതാകയെ സിപിഎം സംഘടന അപമാനിച്ചെന്ന് പരാതി

തിരുവനന്തപുരം: ദേശീയ പതാകയെ അപമാനിച്ചതിന് സിപിഎം അനുകൂല സംഘടനക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി. അശോക ചക്രമില്ലാതെ രൂപമാറ്റം വരുത്തി ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇടത് അനുകൂല സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെയാണ് ആരോപണം. ബിജെപി അനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടേറിയേറ്റ് എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറി ടി.ഐ. അജയകുമാറാണ് ഇക്കാര്യം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് .

ഫ്ലാഗ് കോഡ് ലംഘനം നടത്തിയ സംഘടനക്ക് സർക്കാർ നൽകുന്ന എല്ലാ അംഗീകാരവും ആനുകൂല്യങ്ങളും റദ്ദാക്കി ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇടയ്ക്കിടെ സർവീസ് സംഘടനകൾ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്ന ഇടത് അനുകൂല സംഘടന വിഘടനവാദ വിഭാഗമായി പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവും പരാതിയിൽ ഉയർത്തുന്നു.

സെക്രട്ടേറിയറ്റിൻ്റെ സഹായകേന്ദ്രത്തെ മറച്ച് കൂറ്റൻ ബോർഡ് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് പരസ്യം പതിക്കരുതെന്നാണ് നിയമം. കൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷന് അഭിമുഖമായി നിയമം ലംഘിച്ച് സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ ഫ്ലാഗ് കോഡും പാലിച്ചിട്ടില്ല. കേന്ദ്ര സർക്കാറിൻ്റെ പ്രതിനിധിയായ ഗവർണറെ പൊതുസ്ഥലത്ത് ഭീഷണിപ്പെടുത്തിയ സംഘടനയിൽപ്പെട്ടവരാണ് ഫ്ലക്സ് ബോർഡിന് പിന്നിൽ.ബോർഡിലുള്ള സെക്രട്ടറിയേറ്റിൻ്റെ ചിത്രത്തിലുള്ള ത്രിവണ നിറത്തിലുള്ള പതാകയിൽ അശോക ചക്രമില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും ടി.ഐ അജയകുമാർ   പറഞ്ഞു.

ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ഉയർത്തിയിരിക്കുന്നത് യഥാർത്ഥ ദേശീയ പതാകയാണ്. ദേശീയപതാകയെ വികൃതമാക്കിയാണ് ബോർഡിൽ ചിത്രീകരിച്ചിരിക്കുന്നത് അശോക ചക്രമില്ലാത്ത പതാക രാജ്യത്തിൻ്റെ പതാകയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് സെക്രട്ടറിയും മറ്റ് പ്രധാന ഉദ്യോഗസ്ഥരും നവകേരളയാത്രയുടെ ഭാഗമായി തലസ്ഥാനത്തില്ല. അതിനാൽ പരാതി ചീഫ് സെക്രട്ടറിക്ക് ഇ-മെയിൽ വഴിയും ഓഫീസിൽ നേരിട്ടെത്തിയും പരാതി നൽകിയിട്ടുണ്ടെന്നും. ചീഫ് സെക്രട്ടറി തിരുവനന്തപുരത്തെത്തിയാല്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അജയകുമാർ  പറഞ്ഞു.
Previous Post Next Post