റോബിൻ ​ഗിരീഷിന് പി ടി തോമസ് കർമശ്രേഷ്ഠാ പുരസ്കാരം


 
തൊടുപുഴ: പി ടി തോമസ് സ്റ്റഡി സെന്റർ ഇടുക്കി നൽകുന്ന പി ടി തോമസ് കർമശ്രേഷ്ഠാ പുരസ്കാരം ഇത്തവണ റോബിൻ ബസ് ഉടമ ​ഗിരീഷിന്. കഴിഞ്ഞ ദിവസമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസും ഉടമയും കഴിഞ്ഞ ആഴ്ച്ചകളിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. കോൺട്രാക്ട് ലൈസൻസിലോടുന്ന റോബിൻ ബസ് നിയമലംഘനം നടത്തിയതിനെ തുടർന്ന് മോട്ടോർവാഹന വകുപ്പ് നിരന്തരം നടപടികളെടുത്തു.

ഒടുവിൽ തമിഴ്നാട് മോട്ടോർവാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുത്തു. ഗിരീഷിനാണ് ബസിന്റെ പവർ ഓഫ് അറ്റോർണി. ബസിന്റെ ആർസിയും പെർമിറ്റും കോഴിക്കോട് സ്വദേശിയായ കിഷോർ എന്നയാൾക്കാണ്. അഖിലേന്ത്യ പെര്‍മിറ്റുണ്ടെന്നും സ്റ്റേജ് ക്യാരേജ് നടത്തി സർവീസ് നടത്താമെന്നുമായിരുന്നു റോബിൻ ബസ് ഉടമയുടെ വാദം. എന്നാൽ, കോൺട്രാക്ട് കാര്യേജ് ലൈസൻസുള്ളവർക്ക് സ്റ്റേജ് കാര്യേജിന് അനുമതിയില്ലെന്ന് എംവിഡിയും വ്യക്തമാക്കി. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് നിയമലംഘനമാരോപിച്ച് അധികൃതര്‍ ചുമത്തിയത്.

പിടിച്ചെടുക്കരുത് എന്ന ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടാക്കി കേരള എംവിഡി വിട്ടയച്ചു. എന്നാൽ തമിഴ്നാട് എംവിഡി ബസ് പിടിച്ചെടുത്തു. കോണ്‍ട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പില്‍ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാന്‍ അനുവാദമില്ലെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് നിലപാട്. സംഭവം വലിയ വിവാദമായിരുന്നു. സോഷ്യൽമീഡിയയിൽ വലിയൊരു വിഭാ​ഗം റോബിൻ ബസിനെയും ഉടമയെയും അനുകൂലിച്ച് രം​ഗത്തെത്തി.
Previous Post Next Post