യുവ ഡോക്ടറുടെ മരണം: സുഹൃത്ത് റുവൈസ് കസ്റ്റഡിയില്‍


 

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ യുവ ഡോക്ടര്‍ ഡോ. ഇ എ റുവൈസ് പൊലീസ് കസ്റ്റഡിയില്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് റുവൈസിനെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ നേതാവായിരുന്നു റുവൈസ്. 

പൊലീസ് കേസെടുത്തതോടെ, റുവൈസ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു വരികയായിരുന്നു എന്നാണ് സൂചന. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന വകുപ്പു പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയും റുവൈസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. 

ഇതിനോടകം തന്നെ ഡോക്ടര്‍മാരായ ഷഹനയും റുവൈസും അടുപ്പത്തിലായിരുന്നു എന്നും വിവാഹം നിശ്ചയിച്ചിരുന്നു എന്നതിനെല്ലാം തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷഹനയുടെ മരണത്തില്‍ സ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂചിപ്പിച്ചിരുന്നു.

സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. 

150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറുമായിരുന്നു ആവശ്യം. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നും കുടുംബം ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഷഹന. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Previous Post Next Post