ശസ്ത്രക്രിയ വേഷത്തിലുള്ള ഫോട്ടോ സുഹൃത്തുക്കള്‍ക്കയച്ചു, പ്രതീക്ഷിക്കാതെ മരണവാര്‍ത്തയുമെത്തി; നടുക്കത്തില്‍ സ്റ്റെബിന്‍റെ സുഹൃത്തുക്കള്‍

 


സുല്‍ത്താന്‍ബത്തേരി: ചെറിയൊരു ശസ്ത്രക്രിയ മതിയെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്. അതിനാല്‍ വലിയ ആശങ്കയൊന്നുമുണ്ടായിരുന്നില്ല, പോയി വരൂ എന്ന് പറഞ്ഞ് യാത്രയാക്കിയ കൂട്ടുകാരനെ എന്നേക്കുമായി നഷ്ടപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മൂക്കിലെ ദശ നീക്കാനായുള്ള ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് മരിച്ച സ്റ്റെബിന്‍റെ കൂട്ടുകാരുടെ വാക്കുകളാണ് മുകളില്‍. അപ്രതീക്ഷിതമായുണ്ടായ യുവാവിന്‍റെ മരണത്തിന്‍റെ നടുക്കത്തിലാണ് പുല്‍പ്പള്ളി ശശിമല നിവാസികള്‍.ശശിമല ചോലിക്കര വടക്കെ കണ്ണമംഗലത്ത് ബേബി - എല്‍സമ്മ ദമ്പതികളുടെ മകന്‍ സ്റ്റെബിന്‍ (28) ഇക്കഴിഞ്ഞ ഒന്നാം തീയ്യതിയാണ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. രാവിലെ ഒന്‍പതോടെയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഉച്ചയ്ക്ക് 12 മണിയോടെ അനസ്തേഷ്യ നല്‍കിയെന്നായിരുന്നു വിവരം. പിന്നാലെ യുവാവിന്‍റെ നില വഷളാകുകയും വൈകുന്നേരം ആറരയോടെ മരണപ്പെടുകയുമായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായി സ്റ്റെബിന്‍ മരിച്ചെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.ശശിമലയില്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്ന സ്റ്റെബിന്‍ വലിയൊരു സൗഹൃദവലയത്തിനുടമ കൂടിയായിരുന്നു. സ്റ്റെബിന്‍റെ അപ്രതീക്ഷിതവിയോഗം നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി. മാതാപിതാക്കള്‍ സ്റ്റെബിന്‍റെ വിയോഗമറിഞ്ഞത് മുതല്‍ പാടെ തളര്‍ന്നുപോയി. ഇവരെ എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. വിട്ടുമാറാത്ത ജലദോഷം സ്റ്റെബിനെ അലട്ടിയിരുന്നതായി പറയുന്നു. ഏറെ നാളുകള്‍ക്ക് ശേഷമുള്ള പരിശോധനകള്‍ക്കൊടുവിലാണ് മൂക്കില്‍ ദശ വളരുന്നതായും ഇത് നീക്കം ചെയ്യണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചത്. ചെറിയൊരു ശസ്ത്രക്രിയയിലൂടെ മൂക്കിലെ ദശ നീക്കാമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. ഇതുപ്രകാരമാണ് പിതാവിനും സഹോദരനുമൊപ്പം സ്റ്റെബിന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളിയാഴ്ച പോയത്. ഇദ്ദേഹം തന്നെയായിരുന്നു കാറോടിച്ചിരുന്നത്.പരിശോധനക്ക് ശേഷം ശസ്ത്രക്രിയയ്ക്ക് കയറുന്നതിന് മുന്‍പുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോകള്‍ സ്റ്റെബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. മണിക്കൂറുകളുടെ ഇടവേള മാത്രമായിരുന്നു ഉണ്ടായത്. പിന്നാലെ സ്റ്റെബിന്‍റെ മരണവാര്‍ത്ത എത്തിയതോടെ വിശ്വാസിക്കാന്‍ പോലും കൂട്ടുകാര്‍ക്കായില്ല. പുല്‍പ്പള്ളി നഗരത്തില്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സ്റ്റെബിന്‍. എബിന്‍, മെബിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച വൈകുന്നേരം ശശിമല ഇന്‍ഫന്‍റ് ജീസസ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. സ്റ്റെബിന് യാത്രാമൊഴിനല്‍കാനായി സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവരും വീട്ടിലെത്തിയിരുന്നു.


Previous Post Next Post