കൊച്ചി: വണ്ടിപ്പെരിയാര്‍ കേസില്‍ നീതി തേടി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്.
പ്രതി അര്‍ജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലിലും കുടുംബം കക്ഷിചേരും.
പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം സ്വകാര്യ ഹര്‍ജ്ജിയും നല്‍കും. ഇതിനായി കുടുംബാംഗങ്ങൾ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തും.
പ്രതിയെ വെറുതെ വിട്ട കട്ടപ്പന അതിവേഗ പ്രത്യേക കോടതി വിധിക്കെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് അപ്പീല്‍ നല്‍കേണ്ടത്.
സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഡിജിപി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.
ഇതോടൊപ്പം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ പി സി സി യുടെ നിര്‍ദ്ദേശപ്രകാരം അഭിഭാഷക കോണ്‍ഗ്രസും അടുത്ത ദിവസം ഹൈക്കോടതിയില്‍ ഹർജി നല്‍കും. സംസ്ഥാന ബാലാവകാശ കമ്മിഷനും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.