പള്ളിയുടെ തീരുമാനത്തോട് വിയോജിച്ച യുവാവിനെ മുട്ടിലിഴയിച്ച് മാപ്പുപറയിപ്പിച്ചതിൽ തിരുത്തല്‍ നടപടിയുമായി ലത്തീന്‍ അതിരൂപതതിരുവനന്തപുരം : പള്ളിയുടെ തീരുമാനത്തോട് വിയോജിച്ച യുവാവിനെ മുട്ടിലിഴയിച്ച് മാപ്പുപറയിപ്പിച്ചതിൽ തിരുത്തല്‍ നടപടിയുമായി ലത്തീന്‍ അതിരൂപത. തിരുവനന്തപുരം കരിംങ്കുളം പള്ളിയിൽ ഉണ്ടായത് പ്രാകൃതനടപടിയാണെന്നും അംഗീകരിക്കാനാകാത്തത് ആണെന്നും ബോധ്യം വന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോ നൽകുന്ന സന്ദേശമാണ് നാളെ പള്ളികളിൽ വായിക്കുകയെന്ന് വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട്   പറഞ്ഞു.

കരിംങ്കുളം സെന്റ് ആന്‍ഡ്രൂസ് പള്ളിയിൽ ക്രിസ്മസ് ദിനത്തിലുണ്ടായ സംഭവത്തിൽ വികാരി ഫാദര്‍ അഗസ്റ്റിന്‍ ജോണ്‍, പള്ളി കമ്മറ്റിയംഗങ്ങള്‍ എന്നിവരെ ബിഷപ്പ് ഹൗസിൽ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ശിക്ഷക്ക് ഇരയായ മെന്‍ഡ്രൂസ് എന്ന യുവാവിനെയും വിളിച്ചിരുന്നു. ബന്ധപ്പെട്ട മറ്റുള്ളവരുടെയും വിശദീകരണം കേട്ട ശേഷമുണ്ടായ തീരുമാനമാണ് നാളെ വിശ്വാസികളെ പരസ്യമായി അറിയിക്കുക.

കരിംങ്കുളത്ത് കോളജ് സ്ഥാപിക്കാൻ പള്ളിക്ക് സമീപം അതിരൂപത ഭൂമി വാങ്ങിയിരുന്നു. ഇതിന് സമീപത്തായി ഇടവകയും സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലം കൂടി രൂപതയ്ക്ക് കൈമാറാന്‍ പള്ളി കമ്മറ്റി തീരുമാനിച്ചു. കടലാക്രമണത്തില്‍ വീട് തകരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ലക്ഷം രൂപയ്ക്ക് ഇതേ സ്ഥലം വാങ്ങാന്‍ വിശ്വാസികള്‍ തയ്യാറായതിനു പിന്നാലെയാണ് ആരോടും ആലോചിക്കാതെ വികാരിയും കമ്മറ്റിക്കാരും ചേര്‍ന്ന് സ്ഥലം രൂപതക്ക് നൽകിയത്. ക്രിസ്മസ് തലേന്ന് ഞായറാഴ്ച ആദ്യ കുര്‍ബാന കഴിഞ്ഞ ശേഷമാണ് വികാരി ഫാദര്‍ അഗസ്റ്റിന്‍ ജോണ്‍ ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. ഇതിനെതിരെ എതിര്‍പ്പുയരുകയും ചെയ്തു. പിന്നാലെ പളളിമേടയിലെത്തി വികാരിയോട് വിവരങ്ങള്‍ ആരായാൻ മെന്‍ഡ്രൂസ് ശ്രമിച്ചെങ്കിലും ഒന്നും പറയാന്‍ അദ്ദേഹം തയാറായില്ല. ഇതോടെ തര്‍ക്കമാകുകയും രണ്ടാം കുര്‍ബാന വൈകുകയും ചെയ്തു. ഇതിലാണ് പള്ളികമ്മറ്റി യുവാവിന് ശിക്ഷ വിധിച്ചത്.

കുടംബത്തെ ഊരുവിലക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിനെക്കൊണ്ട് മാപ്പുപറിച്ചത് എന്നാണ് ആരോപണം. പള്ളിയുടെ വാതില്‍ മുതല്‍ വിശ്വാസികള്‍ക്കിടയിലൂടെ മുട്ടിലിഴച്ച ശേഷമായിരുന്നു അൾത്താരയിൽ കയറ്റി മൈക്കിലൂടെ മാപ്പുപറയിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതാണ് പള്ളികമ്മറ്റിക്കും വികാരിക്കും വിനയായത്. സംഭവം വാർത്തയായതോടെയാണ് അന്വേഷണം നടത്താൻ രൂപതയും തയ്യാറായത്.
Previous Post Next Post