പൊലീസ് സ്റ്റേഷനിൽ സൗജന്യം പ്രവേശനം; നിയമലംഘകർക്ക് പൊലീസിന്റെ ‘പുതുവർഷ ഓഫർ’


 

പുതുവർഷം വരവേൽക്കാൻ സംസ്ഥാനനവും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കേരള പൊലീസിന്റെ പ്രത്യേക ഓഫർ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.പുതുവർഷ രാവിൽ മദ്യപിച്ച് വാഹനമോടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്താലാണ് കേരള പൊലീസിന്റെ പ്രത്യേക ഓഫർ ലഭിക്കുക. പൊലീസ് സ്റ്റേഷനിൽ സൗജന്യ പ്രവേശനം നിയമലംഘകർക്ക് പ്രത്യേക പരിഗണന എന്നിവയാണ് ഓഫറുകൾ. കൂടാതെ പുതുവർഷ ആഘോഷത്തിൽ ഏതെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥി എത്തിയാൽ 112 എന്ന ഹെൽപ്‌ലൈൻ നമ്പറും പൊലീസ് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കർശന സുരക്ഷയും നിയന്ത്രണവുമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പുതുവർഷാഘോഷത്തിനിടെ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളേർപ്പെടുത്താനുള്ള കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം.ഡിസംബർ 31ന് വൈകീട്ട് നാല് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ലെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് നഗരത്തിലെ ഹോട്ടലുകൾ, മാളുകൾ, ബീച്ചുകൾ, ക്ലബ്ബുകൾ തുടങ്ങീ എല്ലായിടങ്ങളിലും വലിയ തിരക്ക് പ്രതീക്ഷിക്കുന്നതായും ഇതുനിയന്ത്രിക്കാനുള്ള നടപടികൾ കൈകൊണ്ടതായി ഡിസിപി സി.എച്ച്. നാഗരാജു അറിയിച്ചു. സംഘർഷങ്ങൾ പതിവായ മാനവീയംവീഥിയിൽ 12.30 വരെമാത്രമാവും ആഘോഷങ്ങൾക്ക് അനുമതി.

Previous Post Next Post