എല്ലാ വഴികളും അയോധ്യയിലേക്ക്; ക്ഷേത്രനഗരിയെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ

 

അയോധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ, രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും അയോധ്യയില്‍ എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ അടുത്ത 22ന് നടക്കാനിരിക്കെ, അയോധ്യയിലെ പുതിയ വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശിന്റെ മുഖഛായ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഒട്ടേറെ വികസന പദ്ധതികള്‍ക്കും മോദി തുടക്കം കുറിച്ചു.

വിമാനത്താവളം മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള മോദിയുടെ റോഡ് ഷോ കാണാന്‍ പാതയ്ക്കിരുവശവും ജനങ്ങള്‍ തിങ്ങിക്കൂടി. പുഷ്പവൃഷ്ടിയോടെയാണ് പലരും പ്രധാനമന്ത്രിയെ വരവേറ്റത്. ആദ്യം വാഹനത്തിലിരുന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി പിന്നീട് വാതില്‍ തുറന്ന് കൈവീശി. പാതയോരങ്ങളില്‍ കലാസംഘങ്ങളുടെ പ്രകടനങ്ങള്‍ റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി.

ഉദ്ഘാടനത്തിനു ശേഷം റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ പരിശോധിച്ച പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും അനുഗമിച്ചു. 240 കോടി രൂപ ചെലവിട്ടാണ് അയോധ്യാ ധാം ജങ്ഷന്‍ എന്നു പേരിട്ട റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധരിച്ചത്. 

പുതിയ അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തു.
Previous Post Next Post