വൈഗ വധക്കേസ്: വിധി ഇന്ന്

 
 കൊച്ചി : പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കുട്ടിയുടെ അച്ഛന്‍ സനു മോഹന്‍ ആണ് പ്രതി. 

കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ശിക്ഷാവിധിയും വിചാരണ കോടതി ഇന്നുതന്നെ പ്രഖ്യാപിച്ചേക്കും. 2021 മാര്‍ച്ച് 22നാണ് വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചത്.

പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്. 

എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം കേരളം വിട്ട പ്രതി ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. കാര്‍വാറില്‍ നിന്നാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Previous Post Next Post