നവകേരള സദസിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും ലത്തീന്‍ കത്തോലിക്ക മുഖപത്രം ‘ജീവനാദം’. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വിട്ട് സംസ്ഥാനപര്യടനത്തിനിറങ്ങിയ പിണറായി മന്ത്രിസഭ ‘സഞ്ചരിക്കുന്ന സര്‍ക്കസ് ട്രൂപ്പായി’ മാറിയെന്നും ഇത്തരത്തില്‍ ഒരു മന്ത്രിസഭ പരിഹാസ്യമാകുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
”സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോട് ചോദിക്കുന്ന ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് 20 മന്ത്രിമാരോടൊപ്പം രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി, കേരളത്തിലെ 136 നിയോജകമണ്ഡലങ്ങളിലൂടെ ഏതാണ്ട് 1.15 കോടി രൂപ ചെലവില്‍ കാരവാന്‍ ശൈലിയില്‍ മോടിപിടിപ്പിച്ച ഭാരത് ബെന്‍സ് കോച്ചില്‍ രാജകീയ എഴുന്നള്ളത്തിനിറങ്ങിയത്”- എന്നാണ് നവകേരള യാത്രയെ ലത്തീൻ കത്തോലിക്കാ സഭയുടെ മുഖപത്രം വിശേഷിപ്പിക്കുന്നത്.