SFI വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ ഈമാസം 16 മുതൽ 18 വരെ കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കും

 


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ നേതൃത്വത്തിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 16 മുതൽ 18 വരെ കാലിക്കറ്റ് സർവ്വകലാശാല ഗസ്റ് ഹൗസിൽ താമസിക്കാനാണ് ഗവർണറുടെ തീരുമാനം. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ് ഹൗസിൽ താമസിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗവർണ്ണറെ ഒരു ക്യാമ്പസിലും കാല് കുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്ക് നേരെയുണ്ടായ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം അക്രമാസക്തമായിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.ഐപിസി 124 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 7 വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പാണിത്.രാഷ്ട്രപതിയേയോ ഗവർണ്ണറേയോ തടയുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നതിനെതിരെയുള്ള ഗുരുതര വകുപ്പാണിത്. പൊലീസിന്റെ കൃതൃനിർവഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പാണ് ആദ്യം ചുമത്തിയത്. രാജ്ഭവന്റെ ഭാഗത്ത് നിന്ന് തന്നെ ഐപിസി124 വകുപ്പ് ചുമത്തണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് നടപടി.  പാളയത്ത് ഗവർണ്ണറെ തടഞ്ഞ ഏഴുപേർക്കെതിയാണ് ഐപിസി 124 വകുപ്പ് ചുമത്തിയത്.

എന്നാല്‍ ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധം തുടരാനുള്ള തീരുമാനമാണുള്ളതെന്ന് സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പറഞ്ഞു. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. അക്രമ സംഭവം ഒന്നും നടന്നിട്ടില്ല. പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല. വാഹനത്തിന് മുന്നിൽ ചാടുക എന്ന സമരം ഉണ്ടാകില്ല. വാഹനത്തെ സ്പർശിക്കാതെയുള്ള ജാഗ്രത എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുലർത്തും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആരോപണം പി.എം ആര്‍ഷോ നിഷേധിച്ചു.  ഞങ്ങൾക്കാരും വിവരം ചോർത്തി നൽകണ്ട. മൂന്നു വഴികൾ വഴിയാണ് ഗവർണർ പോകുന്നത്. ആ വഴികളിൽ എസ്എഫ്ഐക്കാരുണ്ടായിരുന്നു. ഒരു പൊലീസിന്‍റേയും സഹായം എസ്എഫ്ഐക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post