പുതുവര്‍ഷ തലേന്ന് മദ്യം വാങ്ങി, ആളൊഴിഞ്ഞ വീട്ടിൽ ഒത്തുകൂടി; മദ്യപിച്ച് തര്‍ക്കം, കൊലപാതകം: പ്രതി അറസ്റ്റിൽ



കോഴിക്കോട്: ആളൊഴിഞ്ഞ വീടിന്റെ ടെറസില്‍ നിന്നും മധ്യവയസ്കനെ താഴെയിട്ട് കൊന്നത് മദ്യം വാങ്ങിയ പണം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. പുതുവര്‍ഷം പിറക്കാനിരിക്കെ ഡിസംബര്‍ 31 ന് രാത്രി തടമ്പാട്ട് താഴം സ്വദേശി അബ്ദുള്‍ മജീദിനെ ആളൊഴിഞ്ഞ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് തള്ളിയിട്ട സംഭവത്തിലാണ് പൊലീസിന്റെ അന്വേഷണം സുഹൃത്തായ അരുണിലേക്ക് എത്തിയത്. സംഭവ ദിവസം വാങ്ങിയ മദ്യത്തിന്റെ പണം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കമെന്നും ആന്തരികാവയവങ്ങൾക്ക് ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.തടമ്പാട്ടു താഴം ജങ്ഷനിലെ ആളൊഴിഞ്ഞ ഒറ്റ നില വീടിന്റെ ടെറസിലാണ് അബ്ദുൾ മജീദും അരുണും അടക്കം ആറ് പേര്‍ മദ്യപിക്കാനെത്തിയത്. ഇവിടെ വച്ചായിരുന്നു തര്‍ക്കം. അരുണാണ് അബ്ദുൾ മജീദിനെ ടെറസിൽ നിന്ന് താഴേക്ക് തള്ളിയിട്ടതെന്ന് പൊലീസ് പറയുന്നു. താഴെ വീണ അബദുൾ മജീദിന്റെ ശരീരത്തിന് പുറത്തേക്ക് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാളെ കൃത്യം നടന്ന വീടിന് അകത്താക്കി അരുൺ ഇവിടെ നിന്നും മുങ്ങി.

തൊട്ടടുത്ത ദിവസം രാവിലെയാണ് അബദുൾ മജീദിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആന്തരിക അവയവങ്ങൾക്ക് സംഭവിച്ച പരിക്കുകൾ മൂലം അബ്ദുൾ മജീദ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊലപാതകത്തിൽ അരുണിന് മാത്രമാണ് പങ്കെന്നാണ് നിലവിൽ വിവരം. മറ്റുള്ളവരെ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടക്കുന്നുണ്ട്.

ചേവായൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഒളിവിലായിരുന്ന അരുണിനെ ഇന്ന് രാവിലെ കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി. മരംവെട്ട് തൊഴിലാളിയായിരുന്നു മരിച്ച അബ്ദുള്‍ മജീദ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Previous Post Next Post