ഒരു ബോർഡിൽ മൂന്നോളം അക്ഷര പിശകുമായി കെ എം മാണി ജനറൽ ആശുപത്രി പരിലസിക്കുന്നു;ട്രോളുകൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ





കെ എം മാണി എന്നുള്ളതും ;സ്മാരക എന്നുള്ളതും;ഗവർമെന്റ് എന്നുള്ളതും അക്ഷര തെറ്റോടെയാണ് ഈ ബോർഡിൽ സ്ഥാനം പിടിച്ചിട്ടുള്ളത് . സമൂഹ മാധ്യമങ്ങളിൽ ബംഗാളിയാണോ അതോ മലയാളിയാണോ ബോർഡ് തയ്യാറാക്കിയതെന്ന് ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ഒരു വിരുതൻ കുറിച്ചിരിക്കുന്നത് ചാച്ചര കേരളം ചുന്ദര കേരളം എന്നാണ്.ഇന്നലെ കെ എം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പ്രസിദ്ധീകരിച്ചിരുന്നു.അതിന്റെ കെട്ടടങ്ങും മുമ്പെയാണ് കെ എം മാണിയിൽ ഒരു പിടുത്തം വീണത്.


സംഗതി ഇതൊക്കെയാണെങ്കിലും കേരളാ കോൺഗ്രസ് എന്ന് തെറ്റ് കൂടാതെ എഴുതാൻ കഴിയുന്ന എത്ര പേര് കേരളാ കോൺഗ്രസിൽ ഉണ്ട് എന്നൊക്കെ ചോദിച്ചാൽ സാംഗതി  കുഴഞ്ഞത് തന്നെ. കൊരീല കാൺഗ്രസ് എന്നൊക്കെ എഴുതിയവർ അനേകമുണ്ട്.ഭരണങ്ങാനം ഭാഗത്ത് കേരളാ കോൺഗ്രസിൽ ഒരു ശാർങ്ധരൻ ഉണ്ടായിരുന്നു;മുസ്‌ലിം ലീഗിലെ കെ പി രാമനെ പോലെ വിലസിയിരുന്ന  ശാർങ്ധരൻ എന്ന പേര് എഴുതുമ്പോൾ തെറ്റാത്ത കേരളാ കോൺഗ്രസ് നേതാക്കളില്ല.വല്ല ശശി എന്നാക്കിക്കൂടേയെന്ന് ശാർങ്ധരനെ ഉപദേശിച്ചവരുമുണ്ട് കുഞ്ഞാണ്ട കോൺഗ്രസിൽ .

കേരളാ കോൺഗ്രസിന്റെ പതാകയിൽ കൊടി തണ്ടിനോട് ചേർന്ന നിറം ഏതാണെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന നേതാക്കൾ തന്നെ തർക്കിക്കുന്നതും കേൾക്കാൻ ഇതെഴുന്ന ലേഖകന് ഭാഗ്യം ലഭിച്ചിട്ടുണ്ട് .  ഇപ്രാവശ്യത്തെ ആഗസ്റ്റ് പതിനഞ്ചാം തീയതി എത്രാം തീയതി ആയിട്ട് വരും എന്ന് ചോദിച്ച പൊതുപ്രവർത്തകരും കുറവല്ല .ദുഃഖ വെള്ളിയാഴ്ച ളാലം പള്ളിയിലെ സ്ലീവാ പാത കൂടി കൊണ്ടിരുന്നപ്പോൾ ഇന്ന് എന്താഴ്ചയാ എന്ന് ചോദിച്ച പണ്ഡിത ശിരോമണികളും പാലായിൽ സുലഭം . കാറൽ മാർക്സിന്റെ അനിയനാണ് പെട്രോൾ മാക്‌സ് എന്ന് പറയുന്ന പൊതു പ്രവർത്തകരും;ലീഗ് കാർ ഉപയോഗിക്കുന്ന സോപ്പാണ് ചന്ദ്രിക എന്ന് പറയുന്ന പൊതുപ്രവർത്തകരും കുറവല്ല .

പണ്ട് ഇന്ദിരാ ഗാന്ധി ഗരീബി ഖടാവോ എന്ന് മുദ്രാവാക്യം ഉയർത്തിയപ്പോൾ കരിമീൻ കടത്തുവാണോ എന്ന് ചോദിച്ച ദേശീയന്മാരും ;രാജീവ് ഗാന്ധി ബേക്കാരി ഖടാവോ എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾ ബേക്കറി അടവോ എന്ന് വായിച്ചവരും കുറവല്ല .റേഡിയോ നിലയത്തിൽ പ്രഭാഷണത്തിൽ ;എച്ച് ഐ വി +ve എന്നുള്ളത് നോക്കി വായിച്ചപ്പോൾ എച്ച് ഐ വി പ്ലസ് വി ഇ എന്ന് വായിച്ച മന്ത്രിയും സാക്ഷര കേരളത്തിന്റെ സംഭാവന തന്നെ .



Previous Post Next Post