തെരഞ്ഞെടുപ്പില്‍ കൃത്രിമമെന്ന് ആരോപണം; പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധം, റോഡ് ഉപരോധിച്ച് പിടിഐ



ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകര്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ചു.

തെരഞ്ഞെടുപ്പില്‍ പെഷാവറില്‍ പ്രത്യക്ഷമായ കൃത്രിമത്വം നടന്നെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ പെഷാവര്‍- ഇസ്ലമാബാദ് മോട്ടോര്‍വേ ഉപരോധിച്ചു. ഞായാറാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസ വഴിയുള്ള വാഹനഗതാഗതം തടഞ്ഞു.

ഏഴ് പിടിഐ സ്വതന്ത്രരെ പൊലീസ് വീട്ടില്‍ എത്തി കണ്ടതായും അവരോട് നവാസ് ഷെരീഫിന്റെ പിഎംഎല്‍-എന്‍ ല്‍ ചേരാന്‍ നിര്‍ബന്ധിച്ചതായും പിടിഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ ഒരു ബ്ലോക്കായി മത്സരിക്കുന്നതില്‍ നിന്ന് തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി പിന്തുണ നല്‍കുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിച്ചില്ല. ഭൂരിപക്ഷത്തിന് ഇമ്രാന്റെ പാര്‍ട്ടിക്ക് 32 സീറ്റിന്റെ കുറവുണ്ട്. അഴിമതിക്കേസില്‍ ഇമ്രാന്‍ ജയിലിലാണ്. സൈന്യത്തിന്റെ പിന്തുണയുള്ള, മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗിന് 73 സീറ്റുകളാണ് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 54 സീറ്റും ലഭിച്ചു.

336 പാര്‍ലമെന്റ് സീറ്റിലേക്കും പ്രവിശ്യാ അസംബ്ലികളിലെ 749 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 336 പാര്‍ലമെന്റ് സീറ്റില്‍ 266 അംഗങ്ങളെ ജനങ്ങള്‍ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത് .
ശേഷിക്കുന്ന 70 സീറ്റുകള്‍ സംവരണ സീറ്റുകളാണ്. ഇതില്‍ 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും പത്ത് സീറ്റുകള്‍ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്കുമാണ് മാറ്റിവെച്ചിരിക്കുന്നത്.
Previous Post Next Post