കമൽനാഥ് ബിജെപിയിലേക്കോ?; അങ്കലാപ്പിൽ കോൺഗ്രസ്; എംഎൽഎമാരുമായി സംസാരിച്ച് ജിതു പത്വാരി

ഭോപ്പാൽ: മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പ്രചരിച്ചതോടെ അങ്കലാപ്പിലായി കോൺഗ്രസ് നേതൃത്വം. അഭ്യൂഹങ്ങൾക്കിടെ മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിതു പത്വാരി എംഎൽഎമാരുമായി ഫോണിൽ ബന്ധപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന നേതാവായ കമൽനാഥ് പാർട്ടിവിടുന്നത് ക്ഷീണമുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

കോൺഗ്രസ് വിടുമെന്ന വാർത്തകൾക്കിടെ കമൽനാഥും മകൻ നകുലും ഡൽഹിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം എംഎൽഎമാരുമായി ഫോണിൽ സംസാരിച്ചത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് എംഎൽഎമാരുമായി ചർച്ച ചെയ്തത് എന്നാണ് വിവരം.

ഇന്നലെ കമൽനാഥിനെ പിന്തുണച്ചുകൊണ്ട് പത്വാരി രംഗത്ത് എത്തിയിരുന്നു. കമൽനാഥ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും, ഈ ചിന്ത അദ്ദേഹത്തിന്റെ സ്വപ്‌നത്തിൽ പോലും ഇല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

 കമൽനാഥിനെ തന്റെ മൂന്നാമത്തെ മകൻ എന്നാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ വൈകീട്ട് കമൽനാഥ് ഡൽഹിയിൽ എത്തിയത് പത്വാരിയെയും ഞെട്ടിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം എംഎൽഎമാരുമായി സംസാരിച്ചത്.

രാവിലെയോടെയായിരുന്നു കമൽനാഥ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നത്. ബിജെപി വക്താവ് നരേന്ദ്ര സുൽജ, കമൽ നാഥിനും മകനുമൊപ്പമുള്ള ചിത്രം എക്‌സിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും വിഷയം വലിയ ചർച്ചയായിട്ടും കമൽനാഥ് പ്രതികരിച്ചിട്ടില്ല.
Previous Post Next Post