തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണ ഫാക്ടറിയിൽ ഉഗ്ര സ്‌ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു




 
ചെന്നൈ : തമിഴ്‌നാട്ടിലെ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം. ഒൻപത് പേർ കൊല്ലപ്പെട്ടു. വിരുദുനഗർ ജില്ലയിലെ വെമ്പക്കോട്ടയിൽ ഉച്ചയോടെയായിരുന്നു സംഭവം. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഉഗ്രസ്‌ഫോടനമാണ് ഉണ്ടായത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പടക്ക നിർമ്മാണശാലയ്ക്ക് സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രദേശവാസികൾ ആണ് വിവരം പോലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞയുടൻ പോലീസും ഫയർഫോഴ്‌സും എത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ പോലീസും പ്രദേശവാസികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഏഴ് പേർ സംഭവ സ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽ എത്തിയതിന് ശേഷവുമാണ് മരിച്ചത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഫാക്ടറി ഉടമ വിജയിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. സ്‌ഫോടക വസ്തുക്കൾ സംയോജിപ്പിക്കുന്ന ഫാക്ടറിയുടെ മുറിയിലാണ് ആദ്യം പൊട്ടിത്തെറി ഉണ്ടായത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

അടുത്തിടെ കൃഷ്ണഗിരിയിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും സമാന ദുരന്തം സംസ്ഥാനത്ത് ആവർത്തിക്കുന്നത്.
Previous Post Next Post