വായ്പ തിരിച്ചടവും ബാറ്ററി ചെലവും പരി​ഗണിച്ചാൽ ഇ-ബസ് നഷ്ടം തന്നെ; നിലപാടിൽ മാറ്റമില്ലാതെ ​ഗണേഷ് കുമാർ

 


വൈദ്യുത ബസ് (ഇ-ബസ്) ഓടിക്കുന്നത് കെഎസ്ആർടിസിക്ക് നഷ്ടമാണെന്ന നിലപാട് ആവർത്തിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനു നൽകിയ മറുപടിയിലാണ്, ഇ-ബസിന്റെ പ്രവർത്തനം കെഎസ്ആർടിസിക്ക് സാമ്പത്തികമായി മെച്ചമല്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയത്.

ഇ-ബസ് വാങ്ങിക്കുന്നതിനായി വിനിയോഗിച്ച മുടക്കുമുതൽ കൂടി കണക്കിലെടുക്കാതെ സർവീസുകളുടെ ലാഭനഷ്ടം നിശ്ചയിക്കാനാകില്ല. ഏഴു വർഷം കഴിയുമ്പോൾ ഇ-ബസിൽ ഉപയഗിക്കുന്ന ബാറ്ററി യൂണിറ്റ് മാറ്റിവെക്കേണ്ടിയും വരും. ഇവയെല്ലാം പരിഗണിച്ചുവേണം ഇ-ബസിന്റെ പ്രവർത്തനം ലാഭകരമാണോ എന്ന് വിലയിരുത്തേണ്ടത്, ഗണേഷ് കുമാർ മറുപടിയിൽ വ്യക്തമാക്കുന്നു.

അതേസമയം ഇ-ബസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി അവകാശവാദങ്ങൾ‌ ഉയർത്തിയിരുന്നതെന്ന സൂചനയും ഗതാഗത മന്ത്രി നൽകിയ മറുപടിയിൽ തെളിഞ്ഞുകാണാം. മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറും ഇ-ബസ് ലാഭകരമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ കണക്കുകളും മന്ത്രി തള്ളിക്കളയുന്നുണ്ട്.

തിരുവനന്തപുരം നഗരത്തിൽ 110 ഇ-ബസുകളാണ് ആകെ സർവീസ് നടത്തുന്നത്. ഇതിൽ 50 ബസുകൾ കിഫ്ബിയിൽ നിന്നുള്ള വായ്പ ഉപയോഗിച്ച് വാങ്ങിയതാണ്. ബാക്കിയുള്ള 60 ബസുകൾ കേന്ദ്ര സർക്കാരിന്റെ സ്മാർട്ട്സിറ്റി പദ്ധതി മുഖേന ലഭിച്ചതുമാകുന്നു. ഇതിൽ കിഫ്ബി വായ്പയിൽ രണ്ട് വർഷത്തിനു ശേഷമാണ് തിരിച്ചടവ് തുടങ്ങുന്നത്. അതിനാൽ വായ്പ തിരിച്ചടവ് കൂടി ചേർക്കുമ്പോൾ ഇ-ബസിന്റെ പ്രവർത്തന ലാഭം നഷ്ടത്തിലേക്ക് വഴിമാറുമെന്നും മന്ത്രി ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.

നേരത്തെ ആളിക്കത്തിയിരുന്ന ഇ-ബസ് വിവാദത്തിൽ സിപിഎം ഇടപെട്ടതിനെ തുടർന്ന് ഗതാഗത മന്ത്രിയായ ഗണേഷ് കുമാർ നിശ്ശബദ്ത പാലിക്കുകയായിരുന്നു. എന്നാൽ നിയമസഭയിൽ നൽകിയ മറുപടിയിലൂടെ വീണ്ടും വിവാദ വിഷയത്തിൽ നിലപാട് ആവർത്തിക്കുന്ന സമീപനമാണ് ഗണേഷ് കുമാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.തിരുവനന്തപുരം നഗരത്തിലെ ഇ-ബസ് ഉപയോഗിച്ചുള്ള സിറ്റി സർക്കുലർ സർവീസുകൾ ലാഭകരമല്ലെന്ന് ഗണേഷ് കുമാർ പറഞ്ഞതിലൂടെയാണ് വിവാദം ആരംഭിച്ചത്. വൈദ്യുതിയിലാണ് പ്രവർത്തനമെങ്കിലും ബസുകൾ നഷ്ടമാണെന്നും യാത്രക്കാരില്ലാതെ അനാവശ്യമായി ഓടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കിലോമീറ്ററിന് 28 രൂപ നിരക്കിൽ കെ-സ്വിഫ്റ്റിന് വാടക നൽകേണ്ട ഇ-ബസ് ഇനി വാങ്ങില്ലെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു.

Previous Post Next Post