ദേശാഭിമാനി ലേഖനത്തിനെതിരെ എന്‍എസ്എസ്; ലേഖനം സത്യത്തിന് നിരക്കുന്നതല്ലെന്ന് ജി. സുകുമാരന്‍ നായര്‍

 



ചങ്ങനാശ്ശേരി: ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ മന്നത്ത് പത്മനാഭനെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ എന്‍എസ്എസ്. 'അറിവിലൂന്നിയ പരിഷ്‌കര്‍ത്താവ്' എന്ന തലക്കെട്ടില്‍ ഡോ. കെ.എസ്. രവികുമാര്‍ എഴുതിയ ലേഖനമാണ് എന്‍എസ്എസിന്റെ പ്രതിഷേധത്തിനിടയാക്കിയത്.  
മന്നത്തു പത്മനാഭന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ലേഖനത്തില്‍''പില്‍ക്കാലത്ത് അദ്ദേഹം സ്വീകരിച്ച ചില രാഷ്ട്രീയനിലപാടുകളും വിമോചനസമരത്തിലെ നേതൃത്വവും അദ്ദേഹത്തിന്റെ നവോത്ഥാനനായകന്‍ എന്ന വ്യക്തിത്വത്തില്‍ നിഴല്‍ വീഴ്ത്തുന്നവയായിരുന്നു'' എന്നുള്ള പരാമര്‍ശം സത്യത്തിന് നിരക്കുന്നതല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. 
ഇത് ചില രാഷ്ട്രീയക്കാരുടെ അഭിപ്രായം മാത്രമായിട്ടേ കാണുന്നുള്ളു. മന്നത്തു പത്മനാഭന്‍ വിമോചനസമരത്തില്‍ പങ്കെടുത്തത് ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. നാട്ടില്‍ സാമൂഹികഅസമത്വങ്ങള്‍ ഇല്ലാതാക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അന്ന് ഭരണം നടത്തിയ രാഷ്ട്രീയക്കാരുടെ അഭിപ്രായമാണ് ഇപ്പോഴും ഇത്തരം ലേഖനങ്ങളിലൂടെ കാണാന്‍ കഴിയുന്നത്. എന്നാല്‍ സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായമല്ല ഇതെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
Previous Post Next Post