തട്ടുക്കട കച്ചവടം മുടങ്ങി…പോലീസുകാർക്ക് നേരെ കയ്യേറ്റം…


 
തൃശൂർ: ബസ് സ്റ്റാൻഡിൽ പോലീസുകാർക്ക് നേരെ കയ്യേറ്റം. കൺട്രോൾ റൂം എഎസ്‌ഐയ്‌ക്കും രണ്ട് കോൺസ്റ്റബിൾമാർക്കും നേരെയാണ് കയ്യേറ്റം നടന്നത്. ബസ് സ്റ്റാൻഡിനടുത്ത് പ്രവർത്തിക്കുന്ന തട്ടുക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയവരാണ് പോലീസുകാരെ കയ്യേറ്റം ചെയ്തത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ചിറ്റണ്ട സ്വദേശിയായ വർഗ്ഗീസിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലായിരുന്നു കയ്യേറ്റം. തട്ടുകടക്ക് സമീപം അൻവർ റഷീദ് നിർമ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നു. ഇതുമൂലം നഷ്ടമുണ്ടായെന്ന് പറഞ്ഞ് തട്ടുകട നടത്തിപ്പുകാർ സിനിമാപ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാൻ എത്തിയവർ തർക്കം ഏറ്റെടുത്ത് സിനിമ പ്രവർത്തകരുടെ രണ്ട് ട്രാവലറുകൾ റോഡിൽ തടഞ്ഞിട്ടു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൺട്രോൾ റൂം പോലീസുകാർ വാഹനം മോചിപ്പിച്ചതോടെ പ്രകോപിതരായവർ പോലീസുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഒരു മണിക്കൂറോളം പ്രതികൾ പ്രദേശത്ത് സംഘർഷ സാഹചര്യം സൃഷ്ടിച്ചു. തുടർന്ന് തൃശൂർ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് വിവരം കൈമാറിയെയെങ്കിലും കൂടുതൽ പോലീസ് സ്ഥലത്തെത്താതിരുന്നതിനാൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു
Previous Post Next Post