ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി.


തൃശ്ശൂർ: ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. കളക്ടറുമായി ഇത് സംബന്ധിച്ച് ഇന്ന് നടന്ന കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനമായത്. ക്ഷേത്രാചാരത്തിന്റെ ഭാഗമായി നിബന്ധനകൾ പാലിച്ച് വെടിക്കെട്ട് നടത്താമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു. ഫെബ്രുവരി 25, 27, 28 തീയതികളിൽ വെടിക്കെട്ട് നടത്താനാണ് അനുമതി. തൃപ്പൂണിത്തുറ സ്ഫോടനത്തിന് പിന്നാലെ വെടിക്കെട്ടുകൾക്ക് അനുമതി നിഷേധിക്കുന്ന സാഹചര്യത്തിനിടെയാണ് ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 27 നാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്. ഇതിനോടനുബന്ധിച്ച് 25 ന് സാമ്പിൾ വെടിക്കെട്ട് നടക്കും. മാരകമായ വെടിമരുന്നുപയോ​ഗിച്ചുകൊണ്ടുള്ള വെടിക്കെട്ട് പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രത്തിന് 100 മീറ്റർ അകലെ ബാരിക്കേഡുകൾ കെട്ടിതിരിച്ചുകൊണ്ട് ആയിരിക്കണം വെടിക്കെട്ട് നടത്താനെന്നും നിർദേശിച്ചിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി നിഷേധിക്കുകയാണെങ്കിൽ പൂരം ചടങ്ങ് മാത്രമായി കുറക്കുമെന്ന് ദേശക്കാർ ചർച്ചയിൽ അറിയിച്ചിരുന്നു.
Previous Post Next Post