പിസിക്കും മകൻ ഷോണിനും കിട്ടില്ല സീറ്റ്! പത്തനംതിട്ടയിൽ ഗവർണർ ശ്രീധരൻപിള്ളക്ക് സാധ്യത


പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിത്വം പി സി ജോർജ് ഉറപ്പിച്ചിരുന്നതാണ്. ആ ഉറപ്പിന്മേലാണ് ജനപക്ഷം പാർട്ടിക്ക് അന്ത്യകൂദാശ ചൊല്ലി ജോർജ് ബി ജെ പിയിൽ എത്തിയത്. പത്തനംതിട്ടയിൽ സീറ്റ് നൽകാമെന്ന ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‍റെ ഉറപ്പിൻ മേലാണ് പി സി ജോർജ് എൻ ഡി എ പാളയത്തിലെത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾ ആകെ തകിടംമറിയുകയായിരുന്നു. പാർട്ടി നടത്തിയ അഭിപ്രായ സർവെയാണ് പി സിക്ക് വലിയ പണിയായത്. പാ‍ർട്ടി നേതാക്കളൊന്നടക്കം പി സി വേണ്ടെന്ന വികാരമാണ് അറിയിച്ചത്. ഇതിനൊപ്പം തന്നെ ബി ഡി ജെ എസും പി സി ജോർജിനെ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ജോർജ്ജിനെ അംഗീകരിക്കില്ലെന്ന് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബി ജെ പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

ഇതോടെ പുതിയ ഫോർമുലയാണ് ബി ജെ പി നേതൃത്വം ആലോചിക്കുന്നത്. പി സി ജോർജിന്‍റെ മകൻ ഷോൺ ജോർജിന്‍റെ പേര് ആദ്യം ഉയർന്നുകേട്ടെങ്കിലും ഇപ്പോൾ അങ്ങനെയല്ല. ഷോണിന്‍റെയും സാധ്യതകൾ അടഞ്ഞു എന്നാണ് സൂചന. ഏറ്റവും ഒടുവിലായി പത്തനംതിട്ടയിൽ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതകളാണ് ബി ജെ പി നേതൃത്വം തേടുന്നത്. പത്തനംതിട്ട മണ്ഡലത്തിൽ സുപരിചിതനായ ഗോവ ഗവർണറെ കളത്തിലിറക്കിയാൽ മുന്നേറ്റമുണ്ടാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.

ഒക്ടോബറിൽ ഗവർണ്ണർ ചുമതല ഒഴിയുന്ന ശ്രീധരൻപിള്ളയ്ക്കും മത്സരിക്കുന്നതിനോട് താൽപര്യമാണ്. ക്രൈസ്തവ സഭ നേതൃത്വങ്ങൾക്കും ശ്രീധരപിള്ളയെ താൽപര്യമാണ്. മത സാമുദായിക സംഘടനകൾ ഒന്നടങ്കം ശ്രീധരൻപിള്ളയെ പിന്തുണയ്ക്കുമെന്നാണ് എൻ ഡി എ നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്ന് കേന്ദ്ര  ബി ജെ പി നേതൃത്വത്തോട് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന പത്തനംതിട്ടയിലെ  ബി ജെ പി ഔദ്യോഗിക വിഭാഗം ശ്രീധരൻപിള്ളയെ അംഗീകരിക്കാൻ ഇടയില്ല. ആശയക്കുഴപ്പമെല്ലാം പരിഹരിച്ച് സ്ഥാനാർത്ഥിയെ കണ്ടെത്തുക കേന്ദ്ര ബിജെപി നേതൃത്വത്തിന് വെല്ലുവിളിയാണ്. 
Previous Post Next Post