കോട്ടയം കഞ്ഞിക്കുഴിയിൽ യുവാവിനെ കബളിപ്പിച്ച് ഒന്നേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാള്‍കൂടി അറസ്റ്റിൽ.
കോട്ടയം: ഓൺലൈനിൽ വ്യാജ ട്രേഡിങ് സൈറ്റ്  നിർമ്മിച്ച് യുവാവിനെ കബളിപ്പിച്ച് ഒന്നേകാൽ കോടി രൂപയോളം തട്ടിയെടുത്ത കേസിൽ ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. കാസർകോഡ് ചെമനാട് ഭാഗത്ത് ബടക്കുംബത്ത് വീട്ടിൽ അഹമദ് അഫ്നാൻ സി.എം (32) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2023 ജൂൺ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള കാലയളവിൽ കോട്ടയം  കഞ്ഞിക്കുഴി സ്വദേശിയിൽ  നിന്നും ഒന്നേകാൽ കോടി രൂപ കബളിപ്പിച്ച് തട്ടിയെടുത്ത കേസിലെക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ ഫേസ്ബുക്ക് ഐ.ഡി വഴി ട്രേഡിങ് ബിസിനസ്സിൽ താല്‍പര്യമുള്ള യുവാവിനെ സമീപിക്കുകയും,  തുടർന്ന് വിദേശ ട്രേഡിങ് കമ്പനിയായ  Olymp Trade pro എന്ന കമ്പനിയുടെ പേരിൽ വ്യാജ സൈറ്റ് നിർമ്മിച്ച് അത് ഒറിജിനൽ ആണെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ച് അതിലൂടെ ട്രേഡിങ് ബിസിനസ് ചെയ്യാനും,  നിക്ഷേപിക്കുന്ന തുകയുടെ 15 ശതമാനം മാസംതോറും ബോണസ് ആയി ലഭിക്കുമെന്നും  പറഞ്ഞ് വിശ്വസിപ്പിച്ച്  യുവാവിൽ നിന്നും പലതവണകളായി 1,24,19,150 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ബോണസ് തുക  ലഭിക്കാതിരുന്നതിനെ തുടർന്ന്   താൻ കബളിപ്പിക്കപെട്ടെന്ന് മനസ്സിലാക്കിയ യുവാവ് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന്  ഈ കേസിലെ മുഖ്യ പ്രതിയായ കാസർഗോഡ് സ്വദേശി റാഷിദ്. റ്റി എന്നയാളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് റാഷിദിന്റെ സഹായിയായ അഫ്നാനെ കൂടി പോലീസ് അറസ്റ്റ് ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. മാത്യു ജോര്‍ജാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
Previous Post Next Post